പ്രവാചക വൈദ്യം: വ്യാജ കോഴ്‌സ് നടത്തി കോടിയിലധികം തട്ടിയയാൾ പിടിയിൽ
text_fieldsകുന്ദമംഗലം (കോഴിക്കോട്): പ്രവാചക വൈദ്യം എന്ന പേരിൽ വ്യാജ കോഴ്‌സുകൾ നടത്തി കോടിയിലധികം രൂപ തട്ടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്നയാൾ പിടിയിൽ. കുന്ദമംഗലം കാരന്തൂർ പൂളക്കണ്ടി സ്വദേശി മുഹമ്മദ് ഷാഫിയെയാണ് (51) കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ച വാഴക്കാടുള്ള ഒരു വീട്ടിൽനിന്നാണ് അറസ്റ്റ്ചെയ്തത്. കുന്ദമംഗലത്ത് ഇയാളുടെ നേതൃത്വത്തിലുള്ള ജാമിഅത്തു ത്വിബ്ബുന്നബി ട്രസ്റ്റിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. ട്രസ്റ്റിനുകീഴിൽ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന പേരിൽ കുന്ദമംഗലം-വയനാട് റോഡിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലാണ് ഇയാൾ വ്യാജ കോഴ്‌സുകൾ പഠിപ്പിച്ചിരുന്നത് എന്നാണ് പരാതിക്കാർ പറയുന്നത്.
കഴിഞ്ഞ വർഷം നവംബർ അഞ്ചിന് കുന്ദമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്യുകയും നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥാപനം പൊലീസ് സീൽ ചെയ്യുകയായിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്നുപറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന സ്ഥാപനം ആരംഭിക്കാൻ 50000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ പലരിൽനിന്നും വാങ്ങിയതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ നവംബർ നാലിനായിരുന്നു 21 പേരുടെ പരാതിയിൽ മുഹമ്മദ് ശാഫിക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. ഇയാൾ കൊടുത്ത സർട്ടിഫിക്കറ്റുകൾ ഒരു മൂല്യവും ഇല്ലാത്തതാണെന്നും വ്യാജമാണെന്നും എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള പരാതിക്കാർ പറഞ്ഞു. 2016-17 കാലത്ത് കാമൽ മെഡിസിൻ പ്രോജക്ട് (ഒട്ടകത്തിൽ നിന്ന് കാൻസർ ചികിത്സക്കുള്ള മരുന്ന്) എന്ന പേരിൽ തിരുവനന്തപുരത്ത് ആർ.സി.സിയുടെ അനുമതിയുണ്ടെന്ന പേരിൽ വ്യാജ രേഖയുണ്ടാക്കി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായും മറ്റൊരു പരാതിയിൽ പറയുന്നു.
ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനുശേഷവും ഇയാളെ പിടികൂടാൻ കഴിയാത്തതിനെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് ഉത്തരമേഖല ഐ.ജി, എസ്.പി എന്നിവർക്കും ഇരയായവർ പരാതി നൽകിയിരുന്നു. കുന്ദമംഗലം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കലാം, എസ്.സി.പി.ഒമാരായ വിജേഷ്, അജീഷ്, സി.പി.ഒ ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുന്ദമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.