മുറിവേറ്റ മണ്ണിലേക്ക് മരുന്നുമായി കശ്മീരിൽനിന്ന് അവരെത്തി
text_fieldsകൽപറ്റ: കലാപകലുഷിതമായ കശ്മീർ താഴ്വരയിൽനിന്ന് പ്രളയദുരിതത്തിൽ വേവുന്ന വയനാടൻ മലമുകളിലേക്ക് അബ്ദുൽ ഹമീദ് ബട്ട് എത്തിയത് ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളുമായി. മുറിവേറ്റ മണ്ണിന് സാന്ത്വനമേകാൻ ഇത്രദൂരം താണ്ടിയെത്തിയതിെൻറ േപ്രരണയെന്തെന്ന് ചോദിച്ചാൽ ‘മനുഷ്യത്വത്തിന് അതിർവരമ്പുകളില്ല’ എന്ന് ബട്ടിെൻറ മറുപടി. മൂന്നുവർഷം മുമ്പ് ചെന്നൈ വെള്ളപ്പൊക്കത്തിലും 2011ൽ തായ്ലൻഡിലുണ്ടായ പ്രളയത്തിലും സഹായഹസ്തവുമായെത്തിയ ഈ വ്യവസായ പ്രമുഖൻ, വേദനിക്കുന്നവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിെൻറ ബാധ്യതയാണെന്ന് വിശ്വസിക്കുന്നു.
കാറിൽ നിറയെ മരുന്നുപെട്ടികളുമായി വയനാട് കലക്ടറേറ്റിലേക്ക് ബട്ടും സുഹൃത്തായ ബിലാൽ അഹ്മദും എത്തിയത് കശ്മീരിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്ക് ആശ്ചര്യത്തെക്കാളധികം സന്തോഷം. കശ്മീരിൽ സജീവ സാന്നിധ്യമായ ആത്രൂട്ട് എന്ന സന്നദ്ധ സംഘടനയുടെ വളൻറിയർമാരായാണ് ഇരുവരും വയനാട്ടിലെത്തിയത്. 2014ൽ പ്രളയത്തിൽ മുങ്ങിയ കശ്മീരിനെ സഹായിച്ച കേരളത്തെ ഈ ദുരിതഘട്ടത്തിൽ തിരിച്ചുസഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ബട്ടും ബിലാലും ‘മാധ്യമ’ത്തോട് പറഞ്ഞു.പ്രളയാനന്തരം ആവശ്യമായേക്കാവുന്ന മരുന്നുകൾ ജില്ല ഭരണകൂടത്തെ ഏൽപിച്ച് രണ്ടുദിവസം വയനാട്ടിൽ തങ്ങിയ ഇരുവരും പനമരത്തെ പ്രളയബാധിത മേഖലകളും പൊഴുതനയിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളുമൊക്കെ സന്ദർശിച്ചാണ് മടങ്ങിയത്. എല്ലാം നഷ്പ്പെട്ടവരുടെ ദൈന്യത മനസ്സിനെ ഉലച്ചുകളഞ്ഞതായി ഇവർ പറഞ്ഞു.
‘‘എന്തു മനോഹരമാണീ പ്രദേശം. നോക്കുന്നിടത്തൊക്കെയും നിറഞ്ഞ പച്ചപ്പ്. പ്രകൃതിപോലെ സുന്ദരമാണിവിടത്തെ ജനങ്ങളുടെ മനസ്സും. മത-ജാതി വേർതിരിവുകളൊന്നുമില്ലാതെ എന്തുമാത്രം സ്നേഹത്തോടെയാണ് ആളുകൾ കഴിയുന്നത്. ദുരിതങ്ങളിൽനിന്ന് കരകയറാൻ ജനങ്ങളും ഉദ്യോഗസ്ഥരുമൊക്കെ ഒരുമിച്ചുനിന്ന് പ്രവർത്തിക്കുന്നതു കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു’’ -പരിസ്ഥിതി സ്നേഹി കൂടിയായ ബട്ട് പറഞ്ഞു. 30 ലക്ഷം രൂപ മുടക്കി ശ്രീനഗറിലും പരിസരങ്ങളിലുമായി ഒന്നരലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുവളർത്തിയ ഇദ്ദേഹത്തിന് ‘ട്രീമാൻ ഓഫ് കശ്മീർ’ എന്ന വിശേഷണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.