മരുന്ന് സംഭരണം പരാജയം; കേരള ജനറിക്സ് വൈകും
text_fieldsപാലക്കാട്: ജനറിക് മരുന്നുകൾ വിൽക്കാൻ ‘കേരള ജനറിക്സ്’ എന്ന പേരിൽ ഒൗട്ട്ലെറ്റുകൾ തുടങ്ങുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം വൃഥാവിലായി. മരുന്ന് സംഭരിക്കുന്നതിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.സി.എൽ) പരാജയപ്പെട്ടതാണ് കാരണം. കേന്ദ്ര സർക്കാറിെൻറ ജൻ ഒൗഷധി സ്റ്റോർ മാതൃകയിൽ കാരുണ്യ ഫാർമസികളോട് ചേർന്ന് ജനറിക് മരുന്ന് വിൽപ്പനക്ക് സൗകര്യമൊരുക്കുമെന്നായിരുന്നു ആരോഗ്യവകുപ്പ് പ്രഖ്യാപനം. ഏപ്രിൽ ഒന്നിന് അഞ്ച് ഗവ. മെഡിക്കൽ കോളജുകൾ, ഒരു ജനറൽ ആശുപത്രി എന്നിവയോട് ചേർന്ന് ഒൗട്ട്ലെറ്റ് തുടങ്ങാനായിരുന്നു തീരുമാനം. നിയമസഭയിലും ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചിരുെന്നങ്കിലും മരുന്ന് കിട്ടാത്തത് പദ്ധതിക്ക് തടസ്സമായി.
സംസ്ഥാന പൊതുമേഖല സ്ഥാപനമായ ആലപ്പുഴയിലെ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനൊപ്പം ഇതര സംസ്ഥാനങ്ങളിലെ കമ്പനികളിൽനിന്ന് മരുന്ന് വാങ്ങാൻ കോർപറേഷൻ പദ്ധതിയിട്ടിരുന്നു. ബ്രാൻഡ് നാമമില്ലാത്തതും ബ്രാൻഡഡ് മരുന്നുകളുടെ അതേ ഗുണനിലവാരമുള്ളതുമാണ് ജനറിക് മരുന്നുകൾ. 50 മുതൽ 70 ശതമാനം വരെ വിലക്കുറവിലാണ് ഒൗട്ട്ലെറ്റുകൾ വഴി ഇത് വിൽക്കുക. 111 ഇനം ജനറിക് മരുന്നുകൾ കേരള ജനറിക്സ് വഴി ലഭ്യമാക്കാൻ കെ.എം.സി.എൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിൽ 60 ഇനങ്ങൾ ഇതിനകം സംഭരിച്ചു.
30ലധികം മരുന്നുകൾക്ക് എൻ.എ.ബി.എൽ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ) അംഗീകാരം ലഭിച്ചിട്ടില്ല. ഇതും ഒൗട്ട്ലെറ്റ് തുറക്കാൻ തടസ്സമായതായി അധികൃതർ വെളിപ്പെടുത്തി. 170 ജൻ ഒൗഷധി ഒൗട്ട്ലെറ്റുകൾ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്. 550ലധികം ജനറിക് മരുന്നുകളും 152 സർജിക്കൽ ഉപകരണങ്ങളും ഫ്രാഞ്ചൈസികൾ വഴി ജൻ ഒൗഷധി ലഭ്യമാക്കുന്നുണ്ട്. ജൻ ഒൗഷധി പദ്ധതി എൽ.ഡി.എഫ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇതിന് ബദലായാണ് കേരള ജനറിക്സ് തുടങ്ങുന്നതെന്നുമുള്ള ആക്ഷേപം ശക്തമാണ്.
ഇതുമൂലം കെ.എം.സി.എല്ലിന് കേന്ദ്ര പൊതുമേഖല കമ്പനികളിൽനിന്ന് മരുന്ന് കിട്ടാൻ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വകാര്യ കമ്പനികളിൽനിന്ന് ഉയർന്ന വിലയ്ക്ക് മാത്രമേ മരുന്ന് കിട്ടുകയുള്ളൂ. ഇത് വില കുറച്ച് വിൽക്കുന്നത് ബുദ്ധിമുട്ടാകും. ഇതോടെ ഒൗട്ട്ലെറ്റുകളുടെ നിലനിൽപ്പിനെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.