മരുന്നോ ഭക്ഷണമോ? പരിശോധനയില്ലാതെ ‘പോഷക ഉൽപന്ന’ വിപണി
text_fields
മരുന്നുമല്ല, ഭക്ഷണവുമല്ല എന്ന അവസ്ഥയിൽ വിപണിയിലെത്തുന്ന പോഷക ഉൽപന്നങ്ങൾ പരിശോധിക്കുന്നതിൽ ഡ്രഗ്സ് വിഭാഗത്തിന് റോളില്ലാത്തതും ഭക്ഷ്യസുരക്ഷ വകുപ്പ് അവഗണിക്കുന്നതിനാലും പൊതുജനാരോഗ്യത്തിന് ഭീഷണി
പാലക്കാട്: യുവതലമുറയുടെ ഫിറ്റ്നസ് ശ്രദ്ധ മുതലെടുത്ത് സമസ്ഥാനത്ത് ‘പോഷക ഉൽപന്ന’ വിപണി കൊഴുക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറക്കുന്നു.
മരുന്നുമല്ല, ഭക്ഷണവുമല്ല എന്ന അവസ്ഥയിൽ വിപണിയിലെത്തുന്ന ഈ ‘പോഷണഭക്ഷണങ്ങൾ’ പരിശോധിക്കുന്നതിൽ ഡ്രഗ്സ് വിഭാഗത്തിന് റോളില്ലാത്തതും ഭക്ഷ്യസുരക്ഷ വകുപ്പ് അവഗണിക്കുന്നതിനാലും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. തടികുറക്കാൻ സഹായിക്കുന്നതെന്നും ആരോഗ്യജീവിതത്തിലേക്കുള്ള ‘ന്യൂട്രീഷ്യൻ ഡയറ്റുകളെ’ന്നും അവകാശപ്പെട്ട് നഗര, ഗ്രാമഭേദമന്യേ നൂറുകണക്കിന് ഔട്ട്ലെറ്റുകളാണ് കോർപറേറ്റ് കമ്പനികൾ തുറന്നിരിക്കുന്നത്.
ആരുമില്ല പരിശോധിക്കാൻ
പോഷണഭക്ഷണം എന്ന ഗണത്തിൽപെടുന്നതിനാൽ ഡ്രഗ്സ് വിഭാഗത്തിന് പരിശോധന നടത്താൻ അനുവാദമില്ല. ഭക്ഷ്യസുരക്ഷ വകുപ്പാണ് പരിശോധന നടത്തേണ്ടത്. എന്നാൽ, വിലകൂടിയ പോഷക ഉൽപന്നങ്ങളുടെ സാമ്പിളുകളിൽ അധികം പരിശോധന നടക്കാറില്ല.
സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കുന്ന ഔദ്യോഗിക നടപടികളിലെ സാമ്പത്തികച്ചെലവും സങ്കീർണതയും ഭവിഷ്യത്തും ഭയന്ന് പലപ്പോഴും ഭക്ഷ്യസുരക്ഷ ജില്ല ഓഫിസുകളിലെ ഉദ്യോഗസ്ഥർ പോഷക ഭക്ഷണശാലകളിലേക്ക് തിരിഞ്ഞുനോക്കാറില്ല. അപൂർവം ജില്ല ഓഫിസുകൾ മാത്രമാണ് നടപടിക്ക് മുതിരുന്നത്.
ആജീവനാന്ത ‘ഭക്ഷണ’ങ്ങൾ
പോഷക ഉൽപന്നങ്ങളിലൂടെ കമ്പനികൾ മുന്നോട്ടുവെക്കുന്ന പുതിയ ‘ആരോഗ്യശീലം’ ആജീവനാന്തം തുടരണമെന്നിരിക്കെ മണി ചെയിൻ മാതൃകയിൽ ‘ദീർഘകാല’ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വിപണി തന്ത്രങ്ങളാണ് ഈ മേഖലയിൽ അരങ്ങേറുന്നത്.
ഇത്തരം ഉൽപന്നങ്ങളുടെ അനിയന്ത്രിത ഉപയോഗം ആരോഗ്യഭീഷണിക്കിടയാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പോഷകഭക്ഷണത്തിന്റെ വിലക്കൂടുതൽ ആശങ്കപ്പെടുന്നവർക്കായി ലൈസൻസി ഏറ്റെടുത്ത് കുറഞ്ഞ തുകയിൽ ഉൽപന്നം ലഭ്യമാക്കുന്ന സ്കീമുകളും കമ്പനികൾ ആവിഷ്കരിച്ചിട്ടുണ്ട്, കൂടുതൽ പേരെ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കണമെന്നു മാത്രം.
നിയമം പറയുന്നതെന്ത്, നടക്കുന്നതെന്ത് ?
ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും (പരസ്യവും ക്ലെയിമുകളും) നിയന്ത്രണങ്ങൾ, 2018 നിയമപ്രകാരം ഇത്തരം ന്യൂട്രി ഫുഡ്സ് പ്രചാരണത്തിൽ തെറ്റായ അവകാശവാദങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഹൈ റിസ്ക് കാറ്റഗറിയിലാണ് ഇത്തരം ഉൽപന്നങ്ങൾ വരുന്നത്.
തെറ്റായ വ്യാപാരതന്ത്രങ്ങൾ ഉപയോഗിച്ച് ഭക്ഷണസാധന വിൽപന, വിതരണം, ഉപയോഗം, ഉപഭോഗം എന്നിവ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും നിയമത്തിൽ പറയുന്നു. പോഷകപരമോ ആരോഗ്യപരമോ ആയ ഗുണങ്ങളുണ്ടെന്ന അവകാശവാദം ശാസ്ത്രീയമായി തെളിയിക്കപ്പെടണം.
ന്യൂട്രീഷ്യൻ, ഡയറ്റെറ്റിക്സ്, മെഡിസിൻ വിദ്യാഭ്യാസയോഗ്യതയുള്ളവരുടെ മേൽനോട്ടത്തിൽ കടകളിൽ മാത്രമേ ഇത്തരം ഉൽപന്നങ്ങൾ വിൽക്കാൻ പാടുള്ളൂ. എന്നാൽ അതൊന്നുമില്ലാതെ എഫ്.എസ്.എസ്.എ.ഐയുടെ വിൽപന രജിസ്ട്രേഷനിൽ മാത്രമായി ഇത്തരം കോർപറേറ്റ് ന്യൂട്രീഷ്യൻ ഫുഡ് ലൈസൻസികൾ വീടുകൾ തോറും കയറിയിറങ്ങി വിൽപന നടത്തുന്നുണ്ട്.
ഓരോ ഉൽപന്നത്തിനും ‘പ്രോഡക്ട് അപ്രൂവൽ സർട്ടിഫിക്കറ്റ്’ വേണം. എന്നാൽ, ഭൂരിഭാഗത്തിനും ഇവയില്ല. വീടുകളിൽപോലും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പാലക്കാട് ഭക്ഷ്യസുരക്ഷ അസി. കമീഷണർ വി. ഷൺമുഖൻ അറിയിച്ചു.
അശാസ്ത്രീയം; പാർശ്വഫല സാധ്യത
വ്യക്തികളുടെ ആരോഗ്യ പ്രശ്നങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമല്ല ഇത്തരം ന്യൂട്രീഷണൽ സപ്ലിമെന്റുകൾ നൽകുന്നത്. അതുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യ നില വിലയിരുത്തപ്പെടുന്നില്ല. ഇത്തരം സപ്ലിമെന്റ്സ് കഴിക്കുന്ന ഭൂരിഭാഗവും ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് അവസാനിപ്പിക്കുന്നതായി കാണാറുണ്ട്. ഇവർക്ക് തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ എന്നതിലും പാർശ്വഫലങ്ങൾ സംബന്ധിച്ചും മെഡിക്കൽ മോണിറ്ററിങ് നടക്കുന്നില്ല.
മൾട്ടി ലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇത്തരം ഉത്പന്നങ്ങളുടെ വിപണനം. ആദ്യം കണ്ണിയിൽ ചേരുന്ന ചിലർക്ക് സാമ്പത്തിക മെച്ചം ലഭിച്ചേക്കാം. പക്ഷെ പിന്നീട് ചേർക്കപ്പെടുന്നവർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നു.
ഇത്തരം ഉൽപന്നങ്ങൾ നൽകുന്നവർ ന്യൂട്രിഷണൽ സപ്ലിമെന്റ്സിന് ഒപ്പം ആഹാര ക്രമീകരണവും നിർദേശിക്കാറുണ്ട്. എന്നാൽ ഇത് മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ പഠന വിധേയമാക്കാറില്ല. ഈ ചികിത്സ രീതിക്ക് ചില പാർശ്വഫലങ്ങൾ ഉള്ളതായി ശാസ്ത്രീയ പഠനങ്ങളും ലഭ്യമാണ്.
വ്യത്യസ്ത രോഗങ്ങൾക്ക് പ്രതിവിധി എന്ന തരത്തിലും ന്യൂട്രിഷണൽ സപ്ലിമെന്റസ് വിപണനം ചെയ്യപ്പെടുന്നു. ഇത്തരം പ്രചാരങ്ങൾ ഈ ഉത്പന്നങ്ങളുടെ ഉപഭോഗം വർധിപ്പിക്കും.രോഗം ഉള്ളവരും ഇല്ലാത്തവരും ഇവിടെ ഒരു പോലെയാണ് പരിഗണിക്കപ്പെടുന്നത്. ഇത് ശാസ്ത്രീയമല്ല, ഒപ്പം നിയമവിരുദ്ധവുമാണ്.
ഡോ. യു. നന്ദകുമാർ, ചെയർമാൻ, കാപ്സ്യൂൾ കേരള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.