50 ജിമ്മുകളില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.
ജിമ്മുകളില്‍ നിന്നും പിടിച്ചെടുത്ത മരുന്നുകളില്‍ പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകള്‍ എല്ലാം തന്നെ സ്റ്റിറോയ്ഡുകള്‍ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് ഇവ. ഇത്തരം മരുന്നുകള്‍ അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാന്‍ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ജിമ്മുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂരില്‍ ഇന്നും പരിശോധന നടന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവൽക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും വകുപ്പ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.