മെഡിസെപ്: കാഷ്ലെസ് അട്ടിമറിക്കുന്നു; ചികിത്സ വേണമെങ്കിൽ പണമടക്കണം
text_fieldsതിരുവനന്തപുരം: പണമടക്കേണ്ടാത്ത കാഷ്ലെസ് സൗകര്യമാണ് വാഗ്ദാനം ചെയ്തതെങ്കിലും മെഡിസെപ് വഴി ചികിത്സ കിട്ടണമെങ്കിൽ ഗുണഭോക്താക്കൾ പണമടക്കേണ്ട ഗതികേടിലായി. ഇത്തരത്തിൽ ചികിത്സ ചെലവിന്റെ 40 ശതമാനം വരെ പല ആശുപത്രികളും രോഗിയിൽനിന്ന് ഈടാക്കുന്നുണ്ട്. പുറമേ, ക്ലെയിം പാസാക്കാൻ വൈകുന്നതോടെ ഡിസ്ചാർജ് ചെയ്യണമെങ്കിൽ മുഴുവൻ തുകയും അടക്കേണ്ടിവരുന്നു. നേരത്തേസാങ്കേതിക പ്രശ്നം മൂലം മാത്രമായിരുന്ന ഇത്തരം പരാതികൾ ഇപ്പോൾ വ്യാപകമാണ്. പണം കൈയിൽനിന്നടച്ച ശേഷം തുക റീഇംബേഴ്സ് ചെയ്ത് കിട്ടും വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ ക്ലെയിം അംഗീകരിച്ച് കിട്ടുംവരെ ആശുപത്രിയിൽ തുടരണം.
പരാതികൾ വ്യാപകമാവുമ്പോഴും ഇക്കാര്യത്തിൽ കൃത്യമായ ഇടപെടലോ പരിഹാരമോ നടത്താൻ ധനവകുപ്പ് തയാറാകുന്നില്ല. നിയമസഭയിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രേഖാമൂലവും അല്ലാതെയും ഇതിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചെങ്കിലും ഇൻഷുറൻസ് കമ്പനിയുമായുള്ള ദ്വൈവാര യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്ന ഒഴുക്കൻ മറുപടിയാണ് ധനവകുപ്പിൽനിന്നുണ്ടാകുന്നത്.
ചില ആശുപത്രികൾ സർജറിയടക്കം നിശ്ചയിക്കുമ്പോൾ തന്നെ മെഡിസെപ് വഴിയാണെങ്കിൽ മുഴുവൻ തുകയും ഇൻഷുറൻസ് വഴി കിട്ടില്ലെന്ന് മുൻകൂട്ടി അറിയിക്കുകയാണ്. ചികിത്സ വേണമെങ്കിൽ നിശ്ചിത ശതമാനം തുക രോഗി കൈയിൽനിന്നടക്കണം. സ്വകാര്യ കണ്ണാശുപത്രികളിൽ മുഴുവൻ തുകയും ഇൻഷുറൻസ് ആയി ലഭിച്ചിരുന്നെങ്കിൽ മെഡിസെപ് വഴിയാണെങ്കിൽ അതിലും വെട്ടിക്കുറവ് വരുന്നുണ്ടെന്ന് സർവിസ് സംഘടന നേതാക്കൾ പറയുന്നു. പല സ്വകാര്യ ആശുപത്രികളും മെഡിസെപിൽനിന്ന് പിന്മാറുകയാണ്. ഫലത്തിൽ സർക്കാർ വലിയ വഞ്ചനയാണ് ജീവനക്കാരോട് കാട്ടിയതെന്നാണ് സംഘടന നേതാക്കളുടെ ആരോപണം.
2022 ജൂലൈ ഒന്നിനാണ് മെഡിസെപ് നിലവിൽ വന്നത്. 5.4 ലക്ഷം സർക്കാർ ജീവനക്കാരും 5.78 ലക്ഷം പെൻഷൻകാരുമടങ്ങിയ ഗുണഭോക്താക്കളിൽനിന്ന് 671 കോടി രൂപയാണ് സർക്കാർ ഇൻഷുറൻസ് പ്രീമിയമായി പിരിച്ചെടുത്തത്. കഴിഞ്ഞ പോളിസി വർഷത്തിൽ നാലു മുൻകൂർ ഗഡുക്കളായി 646 കോടി രൂപ സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകിയിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണം. അതേസമയം, 2023 സെപ്റ്റംബർ 14ന് നിയമസഭയിൽ ധനമന്ത്രി നൽകിയ മറുപടി പ്രകാരം 60,950 ക്ലെയിമുകളിലായി 155.7 കോടി മെഡിസെപ് ചികിത്സ ഇനത്തിൽ ആശുപത്രികൾക്ക് നൽകാനുണ്ട്.
അധിക തുക ഈടാക്കലും ചെക്ക് വാങ്ങലുമടക്കം പരാതികൾ വർധിച്ചതോടെ എംപാനൽ ചെയ്ത ആശുപത്രികളെ സസ്പെൻഡ് ചെയ്യുന്നതിന് നടപടിക്രമങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
500 രൂപ പ്രീമിയം ഈടാക്കുന്ന കേരളത്തിൽ മൂന്ന് ലക്ഷമാണ് ഇൻഷുൻസ് കവറേജ്. എന്നാൽ, 300 രൂപ പ്രീമിയം വാങ്ങുന്ന തമിഴ്നാട് 10 ലക്ഷം രൂപയുടെ കവറേജാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.