മെഡിസെപ്: ആശങ്കയുണ്ടായിരുന്നു, അനുഭവം ആവേശകരമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസ് രംഗത്തെ ഏറെ ആശങ്കയോടെയുള്ള പരീക്ഷണമായിരുന്നു മെഡിസെപ് എങ്കിലും അനുഭവങ്ങൾ ആവേശകരവും പ്രതീക്ഷാ നിർഭരവുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ജോലിയിൽ പ്രവേശിച്ച 21 വയസ്സുകാരൻ മുതൽ ആശ്രിതനായ 104 വയസ്സുകാരൻവരെ പദ്ധതി പരിരക്ഷയിലുണ്ട്. ഇത്രയേറെ അംഗങ്ങളും പരിരക്ഷയുമുള്ള ഇൻഷുറൻസ് മറ്റെങ്ങുമില്ലെന്നതായിരുന്നു തുടക്കത്തിലെ ആശങ്കയെങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ വലിയ സഹായം ജീവനക്കാർക്കും ആശ്രിതർക്കും കിട്ടുന്നുണ്ട്. മൂന്ന് മാസം കൊണ്ട് 154 കോടി രൂപയുടെ ക്ലെയിം അനുവദിക്കാനായി എന്നത് ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. മെഡിസെപ് പദ്ധതിയുടെ നൂറാം ദിനാഘോഷം ഐ.എം.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറേയേറെ പ്രശ്നങ്ങൾ ഇനിയും ശേഷിക്കുന്നുണ്ട്. ചില ആശുപത്രികൾ മെഡിസെപ് ചില ഡിപ്പാർട്ട്മെന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയാണ്. മറ്റ് ചിലയിടങ്ങളിൽ അഡ്മിഷൻ സമയത്ത് പണം ആവശ്യപ്പെടുന്നു. ഇത് അനുവദിക്കാനാകില്ല.
'സർക്കാർ പദ്ധതിയല്ലേ പണം കിട്ടാൻ വൈകു'മെന്ന ധാരണയിൽ പദ്ധതിയിൽനിന്ന് വിട്ടുനിന്ന ആശുപത്രികൾക്കും ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. 154 കോടി ക്ലെയിമിൽ 110 കോടിയും ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
മാറിനിൽക്കുന്ന ആശുപത്രികൾ നിലപാട് തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിൽ കൂടുതൽ ക്ലെയിമുകൾ അനുവദിച്ച ആർ.സി.സി, തിരുവനന്തപുരം മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവർക്കും സ്വകാര്യമേഖലയിലെ അമല ആശുപത്രി, എൻ.എസ് മെമ്മോറിയൽ ആശുപത്രി, എ.കെ.ജി മെമ്മോറിയൽ ആശുപത്രി, എം.വി.ആർ കാൻസർ സെന്റർ, കോഴിക്കോട് ജില്ല സഹകരണ ആശുപത്രി എന്നിവർക്കുമുള്ള അഭിനന്ദനപത്രവും ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.