മെഡിസെപ് രണ്ടാംഘട്ടം: പോരായ്മ പഠിക്കാൻ വിദഗ്ധ സമിതി
text_fieldsതിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ കരാർ അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ രണ്ടാംഘട്ടം നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. പദ്ധതി നടത്തിപ്പിലെയും ചികിത്സ പാക്കേജുകളിലെയും പോരായ്മകൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമിടയിൽ വ്യാപക പരാതിക്കിടയാക്കിയ സാഹചര്യത്തിൽ ഇതടക്കം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്.
ഇപ്പോഴത്തെ പാക്കേജിലെ പോരായ്മകൾ കണ്ടെത്തുകയും കുറ്റമറ്റ പാക്കേജുകളും നിരക്കുകളും നിശ്ചയിക്കുകയും ചെയ്യുക എന്നതാണ് സമിതിയുടെ ചുമതല. ഫലത്തിൽ പുതുക്കിയ വ്യവസ്ഥകളും കരാറുമായി മെഡിസെപ് പദ്ധതി തുടരാനാണ് സർക്കാർ തീരുമാനം. ഡോ. ശ്രീറാം വെങ്കിട്ടറാമാണ് വിദഗ്ധ സമിതി ചെയർമാൻ. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി. ജയകുമാർ, പ്രഫ. ബിജു സോമൻ (ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.എ.വി. ജയകൃഷ്ണൻ (ഇ.എം.എസ് പെരിന്തൽമണ്ണ), ഡോ. എ.എൽ. ലിജേഷ് (ആർ.സി.സി), ഡോ. ബിജോയ് (എൻ.എച്ച്.എം) എന്നിവരാണ് അംഗങ്ങൾ. 2022 ജൂലൈ ഒന്നിന് ആരംഭിച്ച നിലവിലെ മെഡിസെപ് കരാർ 2025 ജൂണ്‍ 30നാണ് അവസാനിക്കുന്നത്.
സർവിസ് സംഘടനകളുടെയും പെൻഷൻകാരുടെ സംഘടനകളുടെയും അഭിപ്രായംകൂടി ആരാഞ്ഞ ശേഷമാകും സമിതി പുതുക്കിയ പാക്കേജുകൾ തയാറാക്കുകയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പാക്കേജിലെ പോരായ്മകൾ മൂലം പ്രമുഖ ആശുപത്രികൾ വിട്ടുനിൽക്കുന്നുവെന്നതും സർക്കാർ സമ്മതിക്കുന്നു. പദ്ധതി നടത്തിപ്പിൽ പോരായ്മയുണ്ടെന്ന് ഭരണ-പ്രതിപക്ഷ സംഘടനകൾ ഒരുപോലെ സമ്മതിക്കുന്നു. കാഷ്ലെസ് അടക്കം തുടക്കത്തിൽ നൽകിയ ആനൂകൂല്യങ്ങൾ ഓരോന്നായി വെട്ടിക്കുറക്കുന്നുവെന്നതടക്കം പരാതികളാണുള്ളത്. പരാതികളുടെ പശ്ചാത്തലത്തിൽ ധനവകുപ്പ് സെപ്റ്റംബറിൽ സർവിസ് സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.
പോരായ്മകൾ പരിഹരിച്ച് പദ്ധതി തുടരണമെന്നതായിരുന്നു സർവിസ് സംഘടനകളുടെ നിലപാട്. നിലവിൽ ഇൻഷുറൻസ് കമ്പനി വഴിയാണ് മെഡിസെപ് നടപ്പാക്കുന്നത്. ഇത് സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും ധനവകുപ്പിന് യോജിപ്പില്ല. പൊതുവായ സർക്കാർ വിഹിതം കൂടി പ്രീമിയത്തിൽ ഉൾപ്പെടുത്തണമെന്ന് സർവിസ് സംഘടനകൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.