മീനാകുമാരി ഇന്ന് പടിയിറങ്ങും; സാന്ത്വന പരിചരണം യാഥാർഥ്യമാക്കിയ ആത്മസംതൃപ്തിയോടെ
text_fieldsകോഴിക്കോട്: കേരളത്തിലുടനീളം പടർന്നുപന്തലിച്ച പാലിയേറ്റിവ് കെയറിന്റെ ആദ്യ സന്നദ്ധ പ്രവർത്തക മീനാകുമാരി ചൊവ്വാഴ്ച സർവിസിൽനിന്ന് പടിയിറങ്ങും. 30 വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഇടനാഴികളിൽ ഊരും പേരുമറിയാത്ത രോഗികൾക്ക് ആശ്വാസവാക്കുകളുമായി കൂട്ടിരുന്ന് താൻ തുടങ്ങിവെച്ച ദൗത്യം ലക്ഷക്കണക്കിന് രേഗികൾക്കും കുടുംബത്തിനും താങ്ങായതിന്റെ ആത്മസംതൃപ്തിയിലാണ് ഈ കാരുണ്യത്തിന്റെ മാലാഖ.
വേദന സഹിക്കാനാവാതെ എന്നെയൊന്ന് കൊന്നുതരുമോയെന്ന് ചോദിച്ച് എത്തുന്ന രേഗികൾക്ക് മരുന്നും അതിനേക്കാൾ മൂല്യമുള്ള ആത്മധൈര്യവും പകർന്ന് നൽകുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന പ്രതീക്ഷയുടെ പുഞ്ചിരിയാണ് മീനാകുമാരിയുടെ ഏറ്റവും വലിയ സമ്പാദ്യം.
വിവാഹത്തിനുമുമ്പ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നെങ്കിലും പാലിയേറ്റിവ് സർവിസിനെക്കുറിച്ച് മീനക്ക് കേട്ടുപരിചയം പോലുമില്ലായിരുന്നു. ഭർത്താവ് വേണുവിന്റെ സുഹൃത്തും കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തറ്റിസ്റ്റുമായ ഡോ. സുരേഷ് കുമാർ, ഡോ. എം.ആർ. രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തതാണ് സാന്ത്വന പരിചരണത്തിലേക്കെത്തിച്ചത്.
കഠിന വേദനകൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുന്നവർക്ക് എന്ത് ചെയ്തുകൊടുക്കാൻ പറ്റും എന്നതിന് ഡോ. സുരേഷ് കുമാർ, ഡോ. എം.ആർ. രാജഗോപാൽ എന്നിവരുടെ അന്വേഷണങ്ങളിൽ മീനയും പങ്കാളിയാവുകയായിരുന്നു. 1993ൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ അനസ്തേഷ്യക്ക് മുമ്പുള്ള പരിശോധനക്ക് കാത്തിരിക്കുന്ന രോഗികളുടെ കൂടെയിരുന്ന് അവരെ സാന്ത്വനിപ്പിച്ചു.
ശാരീരിക അവശതകൾക്കപ്പുറം രോഗികളെ അലട്ടുന്ന മറ്റ് ധാരാളം പ്രശ്നങ്ങളുണ്ടെന്നും ഇത്തിരിനേരം അവർക്കുവേണ്ടി ചെലവഴിക്കാൻ ഒരാൾ ഉണ്ടെങ്കിൽ മരുന്നിനേക്കാൾ വലിയ ആശ്വാസം അവർക്ക് ലഭിക്കുമെന്നുമുള്ള തിരിച്ചറിവായിരുന്നു ഇത് നൽകിയത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട് ജപ്തി ഭീഷണിയിൽ നിൽക്കുന്ന സമയത്താണ് മീനാകുമാരി മുഴുസമയ സന്നദ്ധസേവനത്തിന് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.
മനുഷ്യാവകാശ പ്രവർത്തകനായ ഭർത്താവ് വേണുവിന്റെ പ്രോത്സാഹനമാണ് ഇവരുടെ പിൻബലം. കുഞ്ഞായിരുന്നെങ്കിലും മകളും അമ്മക്ക് കൂടെനിന്നു. 1994ൽ പാലിയേറ്റിവ് ഒ.പി തുടങ്ങിയപ്പോഴും സന്നദ്ധസേവനം തുടർന്നു. 2003ൽ പാലിയേറ്റിവ് നഴ്സായി സർവിസ് ആരംഭിച്ച മീനാകുമാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് കെയർ കോഓഡിനേറ്ററായാണ് വിരമിക്കുന്നത്.
ഔദ്യോഗിക വിരമിക്കൽ മാത്രമാണിതെന്നും ഒഴിവുസമയമെല്ലാം പാലിയേറ്റിവ് സർവിസിന് മാറ്റിവെക്കുമെന്നും മീനകുമാരി പറയുന്നു. രോഗം എന്തായാലും രോഗിയുടെയും കുടുംബത്തിന്റെയും കൂടെ താങ്ങുംതണലുമായി സമൂഹം നിൽക്കൽ വളരെ പ്രധാനമാണെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മീനാകുമാരി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.