അനിശ്ചിതത്വം സൃഷ്ടിച്ച ആധിയിൽ അവർ ഒത്തുകൂടി
text_fieldsകൊച്ചി: കെ-റെയിൽ ഉപേക്ഷിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ നിരന്തര പ്രസ്താവനയുടെ ആധിയിലാണ് ഇന്നലെ അവർ എറണാകുളത്ത് ഒത്തുകൂടിയത്. People's Committee Against K-RailPeople's Committee Against K-Rail നേതൃയോഗത്തിൽ നിറകണ്ണുകളോടെയാണ് ഓരോരുത്തരും സംസാരിച്ചത്. ഭൂമിയുംവീടും നഷ്ടമാകുമെന്നതിനേക്കാളുപരി കൈവശമുള്ള ഭൂമി വർഷങ്ങളായി ഒന്നിനും ഉപകരിക്കാതാവുന്നതിലെ വേവലാതിയാണ് അവരെ വേട്ടയാടുന്നത്. പെൺമക്കളുടെ വിവാഹം മുടങ്ങിയവരും ബാങ്ക് വായ്പലഭിക്കാത്തതിനാൽ വിദേശത്തടക്കം ഉന്നത വിദ്യാഭ്യാസത്തിന് പോകാനാവാതെ പ്രതിസന്ധിയിലായവരും ഭൂമിയും പണവും ഉണ്ടായിട്ടും വീട് നിർമിക്കാനാവാതെ വാടക വീട്ടിൽ നരകിക്കുന്നവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്. കാസർകോട് മുതൽ കൊല്ലം ചാത്തന്നൂര് വരെയുള്ള കെ-റെയിൽ വിരുദ്ധ ജനകീയ മുന്നണിയുടെ മുന്നൂറോളം യൂനിറ്റുകളെ പ്രതിനിധാനം ചെയ്തവരാണ് ഒത്തുകൂടിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചെന്ന രീതിയിൽ നിലപാട് സ്വീകരിച്ചതിലെ ആശ്വാസത്തിനിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുനേതാക്കളും ഇടക്കിടെ നടത്തുന്ന പ്രസ്താവനകളാണ് ഇവരുടെ ഇപ്പോഴത്തെ ആശങ്ക.
കെ-റെയിൽ വിരുദ്ധ സമരത്തിനിടെ ഏതാനും ദിവസം ജയിൽ വാസം അനുഭവിച്ച ചെങ്ങന്നൂർ മുളക്കുഴയിലെ സിന്ധു ജയിംസ് പറയുന്നത് ഇതിന്റെ പേരിൽ ഒരു വർഷം മുമ്പ് നീട്ടിവെച്ച തന്റെ മകളുടെ വിവാഹം ഇനിയും നടത്താനായിട്ടിെല്ലന്നും ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നതെന്നുമാണ്. വീടുപണി പൂർത്തിയായശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം.
അങ്കമാലി എളവൂർ പുളിയാനം ഭാഗത്തെ എൺപതോളം പേരുടെ നാൽപത് വീടുകളടക്കമാണ് അനിശ്ചിതത്വത്തിന്റെ നിഴലിലുള്ളത്. അവരെ പ്രതിനിധാനംചെയ്തെത്തിയ പൗലോചേട്ടന്റെ വീടടക്കം രണ്ട് പുരയിടമാണ് കല്ലിട്ട് പോയത്. പ്രായം ശരീരത്തെ തളർത്തുമ്പോഴും തകരാത്ത സമരവീര്യവുമായി പൗലോ ചേട്ടൻ യോഗത്തിനെത്തിയതിന്റെ കാരണം, താൻ താമസിക്കുന്നതിന്റെ തൊട്ടടുത്ത് അങ്കമാലി- ശബരി െറയിൽപാതക്കുവേണ്ടി നിരവധിയാളുകളുടെ ഭൂമി ഇത്തരത്തിൽ വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടക്കുന്നതിന്റെ വേദന കണ്ടറിഞ്ഞതിനാലാണ്. അങ്കമാലിയിലെ കെ-റെയിൽ പ്രദേശത്തെ തകർന്ന റോഡുകൾ പോലും അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുകയാെണന്ന് അവിടെനിന്ന് വന്നവർ പറയുന്നു.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ 200 ദിവസമായി മുടങ്ങാതെ തുടരുന്ന സമരപ്പന്തലിൽ നിന്നാണ് ബാബു കുട്ടൻചിറ എത്തിയത്. കെ-റെയിൽ കല്ലിടലിനിടെ വീട്ടമ്മയെ പൊലീസ് വലിച്ചിഴച്ചതടക്കം ഏറെ സംഘർഷം നടന്ന മാടപ്പള്ളിയിലെ ജനങ്ങളുടെ സമരവീര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത് ഈ സമരപ്പന്തലാണ്. കാസർകോടുനിന്നും കണ്ണൂരിൽ നിന്നും മലപ്പുറത്തുനിന്നുമടക്കം സമരനേതാക്കൾ കൊച്ചിയിൽ എത്തി. പ്രച്ഛന്ന വേഷത്തിൽ എപ്പോൾ വേണമെങ്കിലും കെ- റെയിൽ മടങ്ങിവരാമെന്നും പദ്ധതി പിൻവലിച്ച് ഉത്തരവിറങ്ങും വരെ ജാഗ്രതയോടെ നിലകൊള്ളാനും പ്രതിരോധം തീർക്കാനും ഏകസ്വരത്തിൽ പ്രതിജ്ഞഎടുത്താണ് അവർ ഇന്നലെ പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.