ലക്ഷ്യം മറികടന്ന് കോഴിക്കോട്ടെ കോവിഡ് ടെസ്റ്റ് മഹായജ്ഞം
text_fieldsകോഴിക്കോട്: കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിതരെ കണ്ടെത്താനായി ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ കോവിഡ് ടെസ്റ്റ് മഹായജ്ഞത്തില്‍ 42,920 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച 19,300 ടെസ്റ്റുകളാണ് നടത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ 40,000 എന്ന ലക്ഷ്യം മറികടന്നു. 31,400 ടെസ്റ്റുകള്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, 40,000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യമിട്ടാണ് ജില്ലയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയത്. ഈ സാമ്പിളുകളുടെ പരിശോധനഫലം അടുത്ത ദിവസങ്ങളില്‍ ലഭ്യമാവും. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളിലുമാണ് ടെസ്റ്റുകള്‍ നടന്നത്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ക്യാമ്പുകള്‍ നടന്നു. ആശുപത്രികളിലെ ഒ.പി.കളിലെത്തുന്നവരെയും കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും ടെസ്റ്റിന് വിധേയരാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരും കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളിലെത്തി സാമ്പിള്‍ നല്‍കി. ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്. കലക്ടര്‍ എസ്. സാംബശിവ റാവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.
രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്‍റീന്‍ ചെയ്ത് രോഗം പടരുന്നത് തടയാനാണ് ടെസ്റ്റുകള്‍ വ്യാപകമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ചേര്‍ന്നാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുന്നത്. പ്രാദേശികതലത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചാരണം നടത്തിയാണ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ജില്ലയില്‍ ടെസ്റ്റുകളോട് ആളുകള്‍ വിമുഖത കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് ടെസ്റ്റ് വ്യാപകമാക്കുന്നത്.
വരും ദിവസങ്ങളില്‍ ജില്ലയില്‍ രോഗികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്‍റെ വിലയിരുത്തല്‍. ഇതുമുന്നില്‍ക്കണ്ട് ജില്ലയിലെ ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്ററുകളിലും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.