മേഘഗർജനം സന്നിവേശിപ്പിച്ച മേഘനാഥൻ
text_fieldsഷൊർണൂർ: വില്ലന്റെ ചിരിയിൽ മേഘവിസ്ഫോടനത്തിന്റെ ഗാംഭീര്യമാർന്ന ഗർജനം തീർത്താണ് ഷൊർണൂരിന്റെ പ്രിയ നടൻ മേഘനാഥൻ അരങ്ങൊഴിഞ്ഞത്. പഴയകാല സിനിമകളിൽ വില്ലൻവേഷങ്ങളിൽ കത്തിനിൽക്കുകയും ‘ഓപ്പോൾ’ എന്ന ഒറ്റ സിനിമയിൽ സ്വഭാവനടന്റെ സകല സാധ്യതകളും പുറത്തെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. പിതാവിനെ പിൻപറ്റി അഭ്രപാളിയിലെത്തിയ മേഘനാഥനെ തേടിയും വില്ലൻവേഷങ്ങളാണെത്തിയത്. കിട്ടിയ വേഷങ്ങളെയെല്ലാം സ്വതഃസിദ്ധമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം അനശ്വരമാക്കി.
‘ഈ പുഴയും കടന്ന്’ എന്ന സിനിമയിൽ നാലു സീനുകളിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളൂവെന്ന് മേഘനാഥൻ വെളിപ്പെടുത്തുമ്പോൾ മാത്രമാണ് പ്രേക്ഷകരും അത് ശ്രദ്ധിച്ചത്. കേവലം നാലു സീനുകൾകൊണ്ട് ഒരു സിനിമയിലുടനീളം അദ്ദേഹം നിറഞ്ഞുനിന്നു. ചെറിയ റോളിലെത്തിയാൽപോലും കഥാപാത്രത്തെ പ്രേക്ഷകമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ കഥാപാത്രം മാത്രം മതി മേഘനാഥനിലെ അഭിനയപാടവം കണ്ടെടുക്കാൻ. നടനെന്നതിലുപരി നല്ലൊരു കർഷകൻകൂടിയായിരുന്നു അദ്ദേഹം. പുതുതലമുറക്ക് അന്യമായ കന്നുപൂട്ടൽ വരെ അദ്ദേഹം ചെയ്യുമായിരുന്നു. പാടത്ത് പണിക്കാർക്കൊപ്പം ചേറിൽ പുരളാൻ മടിയില്ലായിരുന്നു.
സിനിമാനടന്റെ തലക്കനമില്ലാതെ നാട്ടുവഴിയിലൂടെ നടന്ന നടന് അന്ത്യയാത്രയേകാൻ നിരവധി പേരെത്തി. തേങ്ങിക്കരഞ്ഞും വിങ്ങിപ്പൊട്ടിയും തങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്ന പ്രിയ നടനെ അവർ യാത്രയാക്കി. മാസങ്ങൾക്കു മുമ്പുണ്ടായ ഇളയ മകൻ അജയ്കുമാറിന്റെ വിയോഗദുഃഖം വിട്ടുമാറുംമുമ്പേ രണ്ടാമത്തെ ആൺതരിയും വിട്ടകന്നതിന് സാക്ഷിയായ ശാരദ ബാലൻ കെ. നായരെന്ന മാതാവിനെ കണ്ടുനിൽക്കാനും പലർക്കുമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.