കല്ലടയാറ് നീന്തിക്കയറി മെഹ്നാസ്
text_fieldsകൊല്ലം: നീന്തൽ പഠിക്കാത്ത കൊച്ചുകുട്ടികൾക്ക് പ്രചോദനമാകാൻ കല്ലടയാർ നീന്തിക്കടന്ന് നാലരവയസ്സുകാരി മെഹ്നാസ് അലിഷേക്ക്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കല്ലടയാറിന് കുറുകെ പടിഞ്ഞാറെകല്ലട വി.കെ.എസ് കടത്തുകടവിൽനിന്ന് മൺറോതുരുത്ത് ആറാട്ടുകടവിലേക്കാണ് (ഓലാത്രകടവ്) മെഹ്നാസ് നീന്തിക്കയറിയത്. ശാസ്താംകോട്ട ബ്രൂക്ക് സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി.
കേണൽ മൺറോ അക്വാട്ടിക് ക്ലബിന്റെ നീന്തൽ പരിശീലകനായ സന്തോഷ് അടൂരാൻ, ശാസ്താകോട്ട ഭരണിക്കാവ് ബ്ലാക്ക് ബേഡ് സ്വിമ്മിങ് സെന്ററിൽവെച്ചാണ് മെഹ്നാസിനെ നീന്തൽ പഠിപ്പിച്ചത്. ആഴമേറിയ കല്ലടയാറ്റിൽ കനത്ത വെയിലും ചൂടും വകെവക്കാതെ ഏകദേശം 400 മീറ്ററോളം ദൂരം നിഷ്പ്രയാസമാണ് ഈ കൊച്ചുമിടുക്കി മറികടന്ന് കാണികളെ അമ്പരപ്പിച്ചത്. നാട്ടുകാർ കൈയടിച്ച് ആരവത്തോടെ മെഹ്നാസിനെ സ്വീകരിച്ചു. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിറ്റ, ദേശീയ വെറ്ററൻസ് ഗോൾഡ് മെഡൽ ജേതാവ് കെ.പി. മോഹനൻ തുടങ്ങിയവർ ഹാരം അണിയിച്ച് അഭിനന്ദിച്ചു. മൈനാഗപ്പള്ളി സ്വദേശി മുഹമ്മദിന്റെയും മുംതാസിന്റെയും ഏക മകളാണ് മെഹ്നാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.