മൊഞ്ചേറും മൈലാഞ്ചിയുമായി പെരുന്നാൾ വിപണി ഉണർന്നു
text_fieldsഒറ്റപ്പാലം: മൈലാഞ്ചി കൊമ്പൊടിച്ച് നീട്ടിവലിച്ചരച്ചിരുന്ന പഴയകാല മൊഞ്ചത്തിമാർക്കും പെരുന്നാളിന് ആശ്രയം വിപണികളിൽ ലഭിക്കുന്ന മെഹന്ദികൾ. റമദാൻ വ്രതത്തിന് പരിസമാപ്തി കുറിച്ചെത്തുന്ന പെരുന്നാളിന് കൈകളിൽ മൈലാഞ്ചി ചോപ്പണിയാത്ത മഹിളാമണികൾ അന്നും ഇന്നും കുറവാകും. കാലം മാറിയതോടെ മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തിമാർ കവിഭാവന മാത്രമായി. മൈലാഞ്ചി ചെടി നട്ടുവളർത്തുന്ന പതിവുതന്നെ ഇല്ലാതായി. അഥവാ മൈലാഞ്ചി ചെടി ഉണ്ടെങ്കിൽ തന്നെ ഇലകൾ ഉരിഞ്ഞെടുത്ത് അരക്കാനൊന്നും പുതിയ തലമുറ തയ്യാറുമല്ല.
ഇവിടെയാണ് വിപണികളിൽ വിവിധ പാക്കറ്റുകളിലായി ലഭിക്കുന്ന റെഡിമെയ്ഡ് മെഹന്ദികൾ ഹിറ്റാകുന്നത്. അഞ്ച് മിനുറ്റുകൾക്കകം മൈലാഞ്ചി ചോപ്പ് വെട്ടിത്തിളങ്ങുന്ന മെഹന്തികൾ ഇക്കൂട്ടത്തിലുണ്ട്. കേവലം 20 രൂപ മാത്രം നൽകിയാൽ ലഭിക്കുന്ന സിങ് ബി, റെഡ് ചില്ലി തുടങ്ങിയ ബ്രാൻഡുകളാണിവ. അതേസമയം, 10 മുതൽ 15 രൂപ വരെ വിലയുള്ള സിങ്, നീത തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ കൈകൾ ചുമന്ന് കിട്ടാൻ അൽപം കാത്തിരിപ്പ് ആവശ്യമാണ്. താരതമ്യേന കെമിക്കൽ വസ്തുക്കളുടെ ചേരുവ കുറവായതാണ് ഇതിന് കാരണം. കലാരൂപമായി വളർന്നു കഴിഞ്ഞ മൈലാഞ്ചിയിടൽ ഒരു പ്രഫഷനാണിന്ന്. മെഹന്ദി ഫെസ്റ്റുകളും മൈലാഞ്ചി കല്യാണങ്ങളും ഇതിൽ പ്രാവീണ്യം നേടിയവർക്ക് തൊഴിൽ അവസരങ്ങൾ നേടികൊടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.