സമസ്ത മുശാവറ അംഗം എൻ. അബ്ദുല്ല മുസ്ലിയാർ അന്തരിച്ചു
text_fieldsകൊടുവള്ളി: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഓമശേരി നമ്മൽ പൊയിൽ എൻ. അബ്ദുല്ല മുസ്ലിയാർ (68) അന്തരിച്ചു. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10നു നടമ്മൽ പൊയിൽ ജുമ മസ്ജിദിലും 10.30നു പുതിയോത്ത് ജുമ മസ്ജിദിലും നടക്കും.
1955ലാണ് ജനനം. പുതിയോത്ത് ദർസിൽ പ്രാഥമിക മതപഠനം നടത്തി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ്ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട് വാവാട്ട് 15 വർഷം സേവനമനുഷ്ഠിച്ചു. ചാലിയം സിദ്ദീഖ് പള്ളി, അണ്ടോണ, കുടുക്കി ലുമ്മാരം, മങ്ങാട്, പുത്തൂർ വെള്ളാരംചാൽ എന്നിവിടങ്ങളിലും അധ്യാപനം നടത്തി. കോട്ടുമല അബൂബക്കർ മുസ്ലിയാർ, കെ.കെ ഹസ്ത്ത്, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, പി.സി കുഞ്ഞാലൻകുട്ടി മുസ്ലിയാർ എന്നിവരാണ് പ്രധാന ഗുരുക്കന്മാർ.
സമസ്ത കോഴിക്കോട് ജില്ല ട്രഷറർ, കോഴിക്കോട് ജില്ലാ ജംഇയ്യതുൽ മുദരിസീൻ പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം സമസ്ത പ്രസിഡന്റ്, ശിആറുൽ ഇസ് ലാം മദ്റസ ടിയത്തൂർ പ്രസിഡന്റ്, നടമ്മ പൊയിൽ ടൗൺ മസ്ജിദ് പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത്ത് എസ്.എം.എഫ് പ്രസിഡന്റ്, ഓമശ്ശേരി ചോല റഹ്മാനിയ്യ ജുമ മസ്ജിദ് മഹല്ല് നായിബ് ഖാസി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ബ്രിട്ടീഷ് പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച നടമ്മൽ അഹ്മദിന്റെ മകൻ ഇമ്പിച്യാലി ഹാജിയാണ് പിതാവ്. പ്രമുഖ പണ്ഡിതൻ കനിങ്ങം പുറത്ത് അബ്ദുല്ല മുസ്ലിയാരുടെ മകൾ ഫാത്തിമയാണ് മാതാവ്. ഭാര്യ, സമസ്ത മുശാവറ അംഗമായിരുന്ന പി.സി കുഞ്ഞാലൻ കുട്ടി മുസ് ലിയാരുടെ മകൾ ആയിശയാണ്.
മക്കൾ: മുഹമ്മദലി ഫൈസി, കുഞ്ഞാലൻകുട്ടി ഫൈസി, ഹാഫിള് സിദ്ദീഖ് ഫൈസി, മുഹമ്മദ് അശ്റഫ്, ഫാത്തിമത്ത് സഹ്റ, ഖദീജത്തുൽ കുബ്റ. മരുമക്കൾ: സുലൈമാൻ മുസ്ലിയാർ അമ്പ ജുമാലക്കണ്ടി, സമദ് ഫൈസി പാലോളി, സൈനബ നരുക്കിൽ, സാജിദ കൊയിലാട്, ഹഫ്സ മുണ്ടാട്, ഹസ്ന നസ്റിൻ മടവൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.