'കിരി കിരി ചെരുപ്പുമ്മൽ...'; സാധാരണക്കാരന്‍റെ ചുണ്ടുകളിൽ നിറഞ്ഞുനിന്ന വരികളുടെ നാഥനാണ് വിടവാങ്ങിയത്
text_fieldsമാപ്പിളപ്പാട്ടുകളും ഒപ്പനപ്പാട്ടുകളുമായി വേദികളിൽ നിന്ന് വേദികളിലേക്ക് പറന്നുനടന്നിരുന്ന വി.എം കുട്ടിയും സംഘവും ജനകീയ കലാവേദികളുടെ എക്കാലത്തെയും നിറമുള്ള ഒാർമയാണ്. കൊണ്ടോട്ടി പുളിക്കൽ 'ദാറുസ്സലാമി'ലെ ആ സംഗീതസാമ്രാട്ട് വിടവാങ്ങുേമ്പാൾ നിലച്ചു പോകുന്നത് ജനഹൃദയങ്ങളെ താളത്തിൽ താരാട്ടിയ ഹാർമോണിയമാണ്.
കല്യാണവേദികളിലും ഉത്സവപ്പറമ്പുകളിലും മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ പോലും ജനങ്ങളുടെ ചുണ്ടുകളിൽ ഈണം നിറക്കാൻ വി.എം കുട്ടിയും സംഘവുമുണ്ടായിരുന്നു. അധ്യാപകനായിരുന്ന വി.എം കുട്ടി ആകാശവാണിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട പാട്ടുകാരനായി മാറുന്നത്. സ്വന്തമായി പാട്ടുസംഘം രൂപീകരിച്ച വി.എം കുട്ടി ജനകീയനായത് വളരെ പെട്ടെന്നായിരുന്നു.
വിളയിൽ ഫസീലയെന്ന പാട്ടുകാരിയെ കണ്ടെത്തിയതും വി.എം കുട്ടിയായിരുന്നു. പിന്നീട്, വി.എം കുട്ടി-ഫസീല കൂട്ടുകെട്ട് വേദികളിൽ നിന്ന് വേദികളിലേക്ക് പറക്കുകയായിരുന്നു. അക്കാലത്ത് നിറഞ്ഞ കരഘോഷങ്ങളുടെയും ആർപ്പുവിളികളുടെയും ഇടയിൽ മാത്രം കേൾക്കാവുന്ന പേരുകളായിരുന്നു വി.എം കുട്ടിയുടേതും വിളയിൽ ഫസീലയുടേതും. ആ കൂട്ടുകെട്ടിനെ മലയാളികൾ ഹൃദയത്തോട് ചേർത്തുവെക്കുകയായിരുന്നു. നാട്ടിലും വിദേശത്തുമുള്ള വേദികളിൽ അവർ നിറഞ്ഞു.
പിന്നീട് വലിയ രാഷ്ട്രീയ നേതാവും എം.എൽ.എയുമൊക്കെയായ കെ.എൻ.എ. ഖാദറുമുണ്ടായിരുന്നു വി.എം കുട്ടിയുടെ ട്രൂപ്പിൽ. ആയിഷ സഹോദരിമാരെന്നറിയപ്പെട്ട ആയിഷയും ആയിഷാബീവിയുമായിരുന്നു വി.എം കുട്ടിയുടെ ട്രൂപ്പിലെ മറ്റു താരങ്ങൾ. ബാബുരാജ് ഉൾപ്പെടെയുള്ളവർ വി.എം കുട്ടിയുടെ ഗാനമേളകളിൽ സ്ഥിരം അതിഥി താരങ്ങളായിരുന്നു.
'പടപ്പുകൾ ചെയ്യണ തെറ്റ്' എന്ന പാട്ടിനാണ് വി.എം. കുട്ടി ആദ്യമായി സംഗീതം നൽകിയത്. 'സംകൃത പമഗിരി', 'കിരി കിരി ചെരുപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി...', 'ആമിന ബീവിക്കോമന മോനേ', ഹഖാന കോനമറാൽ, തശ്രിഫും മുബാറക്കാദര, ഹസ്ബീ റബ്ബീ ജല്ലല്ലാ', 'മുല്ലപ്പൂ പൂവിലും പൂവായ ഫാത്തിമ', 'കൈതപ്പൂ മണത്താലും കദളിപ്പൂ നിറത്താലും', 'വരികയായ് ഞങ്ങൾ വരികയായ് വിപ്ലവത്തിൻ കാഹളം മുഴക്കുവാൻ'... വി.എം കുട്ടിയിലുടെ ജനഹൃദയങ്ങളിലും ചുണ്ടുകളിലും നിറഞ്ഞ വരികളുടെ പട്ടിക ഇങ്ങനെ നീളും.
ഗാനരചയിതാവ്, സംഗീതജ്ഞൻ, ഗവേഷകൻ, ഗ്രന്ഥകാരൻ, ചിത്രകാരൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വി.എം കുട്ടി. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു. വി.എം. കുട്ടി-വിളയിൽ ഫസീല കൂട്ടുകെട്ട് പാടിയ മൈലാഞ്ചി എന്ന സിനിമയിലെ 'കൊക്കര കൊക്കര കോഴിക്കുഞ്ഞേ ചക്കര മാവിലെ തത്തപ്പെണ്ണേ...' എന്ന പാട്ട് ഏറെ ജനകീയമായിരുന്നു.
മാപ്പിളപ്പാട്ട്, ഒപ്പനപ്പാട്ട്, കത്തുപാട്ട് തുടങ്ങിയവയിലൂടെയൊക്കെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ജനകീയ കലാകാരനെയാണ് വി.എം കുട്ടിയുടെ വേർപാടിലൂടെ സംഗീത പ്രേമികൾക്ക് നഷ്ടമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.