ആത്മബന്ധത്തിന്റെ അവശേഷിപ്പായി നിളയോരത്തെ വീട്
text_fieldsആനക്കര (പാലക്കാട്): ‘‘ശാന്തമായൊഴുകിയിരുന്ന നിള കഴിഞ്ഞ പ്രളയകാലത്ത് രൗദ്രഭാവം പൂണ്ട് തന്നില്‍നിന്ന് കൈയടക്കിയതെല്ലാം തിരിച്ചുപിടിക്കാനെന്ന ഭാവത്തില്‍ കരകവിഞ്ഞൊഴുകി. ഓരത്തെ കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമേകി കടന്നുപോയ പുഴ ‘അശ്വതി’യുടെ പരിസരത്തുമെത്തി. എന്നാല്‍, തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന കഥാകാരനുള്ള ആത്മബന്ധത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്നതിനാലാകാം ആ വീടിന് കാര്യമായ നാശം വരുത്തിയില്ല’’ -കൂടല്ലൂരിൽ താമസിക്കുന്ന എം.ടിയുടെ ചെറിയമ്മയുടെ മകനും എഴുത്തുകാരനുമായ എം.ടി. രവീന്ദ്രൻ ഓർക്കുന്നു.
പുഴയെ കണ്ടിരിക്കാനായാണ് എം.ടി നിളയോടു ചേർന്ന് 50 സെന്റ് വാങ്ങി ‘അശ്വതി’ എന്ന വീട് നിർമിച്ചത്. എന്നാൽ, മണലെടുപ്പടക്കമുള്ള കാരണങ്ങളാൽ നിള ഇല്ലാതാകുന്നതിനെക്കുറിച്ച് ഒരിക്കൽ എം.ടി ഒരു അഭിമുഖത്തിൽ പരിഭവപ്പെട്ടിരുന്നു. നിളയുടെ അവസ്ഥ കാണാൻ വയ്യാത്തതിനാൽ അദ്ദേഹം കൂടല്ലൂരിലേക്ക് വരാതായി. ‘രണ്ടാമൂഴം’ എഴുതുമ്പോള്‍ എം.ടി കൂടല്ലൂരിലെ വീട്ടിലായിരുന്നു താമസമെന്നും അക്കാലത്ത് തന്റെ സഹോദരിയുടെ വീടായ താന്നിക്കുന്നിലേക്ക് എം.ടിയോടൊപ്പം പോകാറുണ്ടായിരുന്നെന്നും ഇദ്ദേഹം ഓർക്കുന്നു. സഹോദരിയുടെ വീട് തിരഞ്ഞെടുത്തത് സന്ദര്‍ശകരെ ഒഴിവാക്കാനാണ്. രാവിലെ നേരത്തേ എഴുത്ത് തുടങ്ങും. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മയക്കം പതിവാണ്. പിന്നീട് മടക്കയാത്ര. വീട്ടിൽ തിരിച്ചെത്തിയാല്‍ വീണ്ടുമെഴുതും.
കൂടല്ലൂരിലെ തറവാട് വീട് ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. എം.ടിയുടെ മൂത്ത ജ്യേഷ്ഠനായിരുന്നു തറവാട് വീട്ടിൽ. റെയിൽവേയിലായിരുന്ന ജ്യേഷ്ഠനായിരുന്നു പത്തായപ്പുര. തറവാട്ടിലുണ്ടായിരുന്ന ജ്യേഷ്ഠനും പത്നിയും മരിച്ചു. അഞ്ചു മക്കളും ഇവിടെയില്ല. പത്തായപ്പുര സ്വന്തമായിരുന്ന കൊച്ചുണ്ണി ഏട്ടന് അത് വിറ്റ് ഒലവക്കോട്ടാണ് താമസം. ശേഷിച്ചവരും സ്ഥലവും വീടും വിറ്റ് കൂടല്ലൂര്‍ വിട്ടുപോയി. ‘അശ്വതി’ എന്ന വീട് കൂടല്ലൂരുമായുള്ള എം.ടിയുടെ ആത്മബന്ധം നിലനിര്‍ത്തുന്ന ഒരിടമായി അവശേഷിക്കുന്നു. ഇവിടത്തെ മരക്കൊമ്പുകള്‍ മുറിക്കുന്നതുപോലും അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു.
ഈ നാട് നിറയെ കഥാപാത്രങ്ങളായിരുന്നു
ആനക്കര (പാലക്കാട്): എം.ടിയുടെ ‘നാലുകെട്ടി’ല്‍ പ്രതിപാദിച്ചിരുന്ന കഥാപാത്രങ്ങളെല്ലാം ഓർമയായ വഴിയേ ഒടുവില്‍ കഥാകാരനും. കഥാപാത്രങ്ങളിൽ കൂടല്ലൂർ പുളിക്കൽ യൂസഫ് ഹാജിയാണ് (96) അവസാനം വിടപറഞ്ഞത്- 2023ൽ. കൂടല്ലൂരിൽ പലചരക്കുകട നടത്തിയിരുന്ന ഇദ്ദേഹം അതേ പേരിൽതന്നെയാണ് നോവലിലും പ്രത്യക്ഷപ്പെട്ടത്. ‘‘യൂസിപ്പിന്റെ പീടികയിൽ മാത്രമേ പെട്രോമാക്സ് വിളക്കുള്ളൂ.
അതാണ് ഗ്രാമത്തിലെ ഏറ്റവും വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വിൽപനക്കു വെക്കാറുള്ളൂ...’’ -എം.ടി ‘നാലുകെട്ടി’ൽ കൂടല്ലൂരിനെക്കുറിച്ച് വിവരിക്കവെ, യൂസഫ് ഹാജിയെ വരച്ചിട്ടത് ഇങ്ങനെ. കുമരനെല്ലൂരിലെ സ്കൂളിലേക്കു പോകവെ ഈ കടയിലാണ് സമയം ചെലവിട്ടിരുന്നത്. യൂസഫിന് പ്രിയപ്പെട്ട വാസുവായിരുന്നു അദ്ദേഹം. 1948ലാണ് കൂടല്ലൂരിൽ യൂസഫ് കച്ചവടം ആരംഭിക്കുന്നത്. എം.ടിയെ തേടി കൂടല്ലൂരിലെത്തുന്നവരെല്ലാം ‘‘യൂസുപ്പിനെയും പീടികയെയും’’ കാണാനെത്തുമായിരുന്നു. എം.ടി കൂടല്ലൂരിലെത്തുമ്പോൾ യൂസഫിനെ കാണാൻ വരാറുണ്ട്.
എം.ടിയുടെ മറ്റൊരു കഥാപാത്രമായിരുന്നു പകിടകളിക്കാരൻ കോന്തുണ്ണിനായര്. അദ്ദേഹത്തിന്റെ തെക്കേപ്പാട്ട് തറവാട്ടിലെ താവഴികളില്‍ ജനിച്ച ഒരാളാണ് നായര്‍. എം.ടിയുടെ മുത്തശ്ശിയുടെ ജ്യേഷ്ഠസഹോദരിയുടെ മകൻ. ‘നാലുകെട്ടി’ലെ യശോധരാമ്മ രണ്ടു പതിറ്റാണ്ട് മുമ്പാണ് മരിച്ചത്. കുമരനെല്ലൂരിൽ എം.ടിയുടെ പഠനകാലത്ത് സഹപാഠികളായിരുന്നു യശോധരയും വാസുദേവന്‍ നമ്പൂതിരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.