സ്വാതന്ത്ര്യസമര രക്തസാക്ഷികൾക്ക് പാണ്ടിക്കാട്ട് സ്മാരകമൊരുങ്ങുന്നു
text_fieldsപാണ്ടിക്കാട്: സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസ പോരാട്ടങ്ങളിൽ ഒന്നായിരുന്ന ചന്തപ്പുര യുദ്ധത്തിൽ ധീരരക്തസാക്ഷിത്വം വരിച്ചവർക്ക് സ്മാരകമൊരുങ്ങുന്നു. യുദ്ധസ്മാരകമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് ടൗണിൽ യാഥാർഥ്യമാകുന്നത്. 250 ലേറെ പേർ രക്തസാക്ഷികളായ യുദ്ധമാണ് ചന്തപ്പുര യുദ്ധം.
രക്തസാക്ഷികളെ ബ്രിട്ടീഷുകാർ കൂട്ടിയിട്ട് കത്തിച്ചത് പെരിന്തൽമണ്ണ റോഡിനരികെയുള്ള മൊയ്തുണ്ണിക്കുളത്തിന്റെ കരയിലായിരുന്നു. ഈ കുളത്തിന് സമീപത്തെ സ്ഥലമാണ് സഹോദരിമാരായ കൊടലയിൽ സഫിയ ടീച്ചർ, ആയിശക്കുട്ടി ടീച്ചർ എന്നിവർ സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകിയത്. മൊയ്തുണ്ണിക്കുളത്തിന് സമീപത്തെ അഞ്ച് സെന്റ് സ്ഥലവും അതിലേക്കുള്ള നാല് മീറ്റർ വഴിയുമാണ് വിട്ടുനൽകിയത്.
ദ്രുതഗതിയിൽ സ്മാരകം പണി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ, എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്തുകൾ തുടങ്ങിയവയുടെ സഹകരണം തേടും.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. റാബിയത്ത്, വൈസ് പ്രസിഡന്റ് പി. എച്ച്. ഷമീം ബാബു, സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ. രോഹിൽനാഥ്, അനീറ്റ ദീപ്തി, ടി. സി. റമീഷ, പഞ്ചായത്തംഗങ്ങളായ വി. മജീദ്, കെ. വിജയകുമാരി, പി. സലീൽ, കെ.കെ. സദഖത്ത്, ആയിഷുമ്മ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.