ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ടവർക്ക് സ്മാരകം : സി.പി.എം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുന്നുയെന്ന് കെ. സുധാകരൻ
text_fieldsതിരുവനന്തപുരംഃ ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്ക് വേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സി.പി.എം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നല്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ലോകത്ത് ഭീകരസംഘടനകള്‍ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകരപ്രവര്‍ത്തനത്തെ സി.പി.എം എന്തുമാത്രം താലോലിക്കുന്നു എന്നതിനു തെളിവാണ്.
2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ മരിച്ചത്. അന്ന് പാര്‍ട്ടി ഇതിനെ തളളിപ്പറഞ്ഞെങ്കിലും 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മാരകം നിര്‍മിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കഴിഞ്ഞ മാസം പാനൂര്‍ മുളിയാതോട് ബോംബ് നിര്‍മാണത്തിനിടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് സി.പി.എം ബോംബ് തയാറാക്കിയത്. പാനൂര്‍ മുളിയാതോട് ബോംബ് സ്‌ഫോടനം ഉണ്ടായപ്പോഴും സി.പി.എം ആദ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവിടെയും സ്മാരക മന്ദിരം ഉയരുമെന്നു സുധാകരന്‍ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍, ഷുഹൈബ്, ശരത് ലാല്‍, കൃപേഷ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ എത്രയോ പേരെയാണ് സി.പി.എം ബോംബുകള്‍ ഇല്ലാതാക്കിത്. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള സന്ധിയില്ലാ സമരമായിരുന്നു തന്റെ ജീവിതം. എത്രയോ വട്ടം അവരുടെ ബോംബ് ആക്രമണത്തില്‍നിന്ന് തലനാരിഴക്കു രക്ഷപ്പെട്ടു.
കേരളം പോലൊരു പരിഷ്‌കൃതസമൂഹത്തിലാണ് സി.പി.എം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച. കണ്ണൂരാണ് ഈ കാടത്തത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു മൂന്നു ദശാബ്ദമായി പിണറായി വിജയനാണ് ഇതിനു നേതൃത്വം നല്കുന്നത്. ഭരണത്തണലില്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചുവരുന്നതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.