ഓർമകൾ വിതുമ്പി; മുഷ്ടി ചുരുട്ടി പുഷ്പൻ
text_fieldsതലശ്ശേരി: കോടിയേരി ബാലകൃഷ്ണനെ അവസാനമായി കാണാൻ തലശ്ശേരിയിലേക്ക് ഒഴുകിയവരിൽ വേറിട്ട ഒരാളുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. 1994 നവംബർ 25ന് കൂത്തുപറമ്പിൽ വെച്ചുണ്ടായ പൊലീസ് വെടിവെപ്പിൽ കഴുത്തിന് വെടിയേറ്റ് ശരീരം തളർന്ന് കിടപ്പിലായ പുഷ്പൻ വീടുവിട്ടിറങ്ങാറുള്ളത് അത്യപൂർവമാണ്; അതും ചികിത്സക്കുവേണ്ടി മാത്രം. കോടിയേരി ബാലകൃഷ്ണൻ വിടചൊല്ലുമ്പോൾ പുഷ്പന് വീട്ടിൽ കിടക്കാനാവില്ല. ഇരുവർക്കുമിടയിലെ സ്നേഹബന്ധം അങ്ങനെയാണ്. കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി. പുഷ്പന്‍റെ വേദന സ്വന്തം വേദനയായി ഏറ്റെടുത്ത കോടിയേരി മുന്നിൽനിന്നാണ് എല്ലാ കാര്യങ്ങളും നിറവേറ്റിയത്. പാർട്ടിയുടെ തണലിലുള്ള ശയ്യയിലായ പുഷ്പന്‍റെ ജീവിതത്തിന് ആശ്വാസം പകരാൻ പലപ്പോഴായി കോടിയേരി വീട്ടിലെത്തുമായിരുന്നു. പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയും നേതാവും എന്നതിനപ്പുറം ആത്മസുഹൃത്തെന്ന രീതിയിലേക്ക് കോടിയേരി തന്നെ ചേർത്തുനിർത്തിയെന്ന് പുഷ്പൻ പറയുന്നു. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ ഈ ഓർമകളിൽ പുഷ്പൻ വിതുമ്പി. ജീവിക്കാൻ ഊർജം നൽകുന്ന വാക്കുകളും മനസ്സ് നിറക്കുന്ന പുഞ്ചിരിയും സമ്മാനിച്ച് മടങ്ങാറുള്ള കോടിയേരി ചലനമറ്റ് കിടക്കുന്ന കാഴ്ച പുഷ്പന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. റെഡ്വളന്റിയർമാർ തോളിലേറ്റിയ സ്ട്രെച്ചറിൽ കിടന്ന് മുഷ്ടികൾ ചുരുട്ടി പുഷ്പൻ അവസാനമായി കോടിയേരിക്ക് അഭിവാദ്യം അർപ്പിച്ച് ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങി.
അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാനെത്തിയ സമരക്കാർക്കു നേരെയായിരുന്നു പൊലീസ് വെടിവെപ്പ്. അഞ്ചുപേർ മരിച്ചു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് പ്രഹരമേൽപിച്ചത്. കഴുത്തിനുതാഴേക്ക് തളർന്നു. അന്നുമുതൽ കിടപ്പിലാണ് പുഷ്പൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.