നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാർഡ് പരിശോധന, അന്വേഷണം സാധ്യമായാലും വിവോ ഫോൺ കുഴക്കും
text_fieldsകൊച്ചി: നടി ആക്രമണ കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് രണ്ട് തവണ രാത്രിയിൽ തുറന്നതിലും ആരുടേതെന്നറിയാത്ത വിവോ ഫോണിൽ തുറന്ന് പരിശോധിച്ചതിലുമുള്ള അവ്യക്തത അന്വേഷണ സംഘത്തെ കുഴക്കുന്നു. തുടരന്വേഷണത്തിന് കോടതി സമയം നീട്ടി നൽകിയാൽ ഈ കാര്യങ്ങളിലാകും പ്രധാനമായും അന്വേഷണ സംഘം കുരുങ്ങുക.
മെമ്മറി കാർഡ് ഓരോ തവണ പരിശോധിച്ചപ്പോഴും ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണത്തിന്റെ വിവരങ്ങളടക്കമുള്ള റിപ്പോർട്ടാണ് ഫോറൻസിക് ലാബ് നൽകിയിട്ടുള്ളത്. ഈ ഡിവൈസുകൾ ആരുടെ കൈവശമുള്ളതാണെന്ന് കണ്ടെത്തി ദുരൂഹത മാറ്റാനാവും ആദ്യ ശ്രമം.
2021 ജൂലൈ 19ന് ഉച്ചക്ക് 12.19ന് കാർഡ് തുറന്നതിനെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതേ ദിവസം പൾസർ സുനിയുടെ പുതിയ അഭിഭാഷകൻ കോടതി അനുമതിയോടെ ദൃശ്യങ്ങൾ കണ്ടിട്ടുമുണ്ട്. എന്നാൽ, താൻ വൈകുന്നേരം മൂന്നിനാണ് ഇത് കണ്ടതെന്നാണ് പറയുന്നത്. മാത്രമല്ല, പെൻഡ്രൈവിലെ ദൃശ്യങ്ങൾ ലാപ്ടോപ് ഉപയോഗിച്ചാണ് കണ്ടത്; മൊബൈൽ ഫോണിലല്ല. അഭിഭാഷകന്റെ ഈ വെളിപ്പെടുത്തൽ വീണ്ടും ദുരൂഹത വർധിപ്പിക്കുകയാണ്. അങ്ങനെയെങ്കിൽ വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവയുള്ള വിവോ ഫോണിൽ ഉച്ചക്ക് ആരാണ് ദൃശ്യങ്ങൾ കണ്ടതെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ഈ ഫോൺ ആരുടേതാണെന്നും ഇതിന് കോടതിയുടെ അനുമതിയുണ്ടായിരുന്നോയെന്നുമാണ് അറിയേണ്ടത്.
2018 ജനുവരി ഒമ്പതിന് രാത്രി 9.58ന് വിൻഡോസ് ഓപറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറിലും 2018 ഡിസംബർ 13ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഓപറേറ്റിങ് സംവിധാനമുള്ള ഉപകരണത്തിലുമാണ് മെമ്മറി കാർഡ് തുറന്നത്.
കോടതി സമയം അല്ലാത്ത രാത്രിയിൽ കാർഡ് തുറന്നതായി കാണുന്നതിലും ചില അവ്യക്തതകളുണ്ട്. ആരാകാം രാത്രി മെമ്മറി കാർഡ് തുറന്നിട്ടുണ്ടാവുക എന്നാണ് അറിയാനുള്ളത്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കിട്ടാൻ അന്വേഷണം അനിവാര്യമാണെന്ന നിലപാടാണ് പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമുള്ളത്.
മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ മുമ്പാകെ ഈ ഹരജി പരിഗണനക്കെത്തുന്നുണ്ട്.
അതേസമയം, കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന് കണ്ടെത്തിയാൽ പോലും അതിൽ അന്വേഷണം നടത്താൻ നിയമപരമായി കഴിയില്ലെന്ന വാദമാണ് പ്രതിഭാഗം ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.