നടി ആക്രമണക്കേസിലെ മെമ്മറി കാർഡ് പരിശോധിച്ചയാളെ കണ്ടെത്തണമെന്ന്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് വിചാരണക്കോടതി. ശനിയാഴ്ച കേസ് പരിഗണിക്കവെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി അന്വേഷണസംഘത്തിന് വാക്കാൽ നിർദേശം നൽകിയത്.
മെമ്മറി കാർഡിൽനിന്ന് ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചേക്കാവുന്ന മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അകത്ത് പ്രവേശിപ്പിക്കരുതെന്ന കർശന നിർദേശത്തോടെയാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രതിഭാഗത്തിന് സുപ്രീംകോടതി അനുവാദം നൽകിയിരുന്നത്.
അതിജീവിതയുടെ സ്വകാര്യത ഉറപ്പുവരുത്താൻ വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ ദൃശ്യങ്ങൾ പരിശോധിക്കാവൂവെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് തുറന്നത് സംബന്ധിച്ച ആശയക്കുഴപ്പം മാറ്റുന്നതുവരെ ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ലെന്ന് വിചാരണക്കോടതി പറഞ്ഞു. 2021 ജൂലൈ 19ന് ഉച്ചക്ക് 12.19 മുതൽ 12.54 വരെ ജിയോ സിം കാർഡുള്ള വിവോ ഫോണിൽ മെമ്മറി കാർഡ് തുറന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതേദിവസം തന്നെയാണ് ഒന്നാം പ്രതിയുടെ അഭിഭാഷകൻ പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിൽ വിചാരണക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കോടതിയുടെ ലാപ്ടോപ്പിൽ ദൃശ്യങ്ങൾ പരിശോധിച്ചത്. അന്ന് വൈകീട്ട് മൂന്നിനുശേഷമാണ് പെൻഡ്രൈവ് ലാപ്ടോപ്പിൽ കുത്തി 15 മിനിറ്റ് ദൃശ്യങ്ങൾ തന്നെ കാണിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു.
അന്ന് ഉച്ചക്ക് രണ്ടുവരെ അഭിഭാഷകന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ തൃപ്പൂണിത്തുറയിലും പൊലീസ് ഉദ്യോഗസ്ഥയുടേത് ആലുവ പൊലീസ് ക്ലബിന് സമീപവുമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
മെമ്മറി കാർഡ് ഉപയോഗിച്ച സമയം ഫോണിലെ ആപ്പുകൾ പ്രവർത്തിച്ചപ്പോൾ ഡൗൺലോഡായ ഫയലുകളിൽനിന്നാണ് വിവോ ഫോണാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, ഈ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കണ്ടെത്താനാവാത്തത് അന്വേഷണ സംഘത്തിന് പ്രധാന വെല്ലുവിളിയാണ്. തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് കേസിലെ തുടർനടപടി കോടതി ഈ മാസം 19ലേക്ക് മാറ്റി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നെങ്കിലും താൻ അത് നിരസിച്ചെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് പറഞ്ഞു. വിചാരണക്ക് ആവശ്യമാണെങ്കിൽ മാത്രമേ ദൃശ്യങ്ങൾ കാണൂവെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണം നീളുന്നതിലുള്ള അതൃപ്തി അറിയിച്ച കോടതി, അന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശ്യമുണ്ടോയെന്നും അന്വേഷണസംഘത്തോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.