മെമു സർവിസ്: പ്രതീക്ഷയുടെ ട്രാക്കിലേക്ക് യാത്രക്കാർ
text_fieldsകണ്ണൂര്‍: നിലവിൽ വലിയ തുക നൽകിയാണ് യാത്രക്കാർ റെയിൽവേ യാത്ര നടത്തുന്നത്. അതുതന്നെ നേരത്തെ റിസർവേഷൻ ചെയ്തും. അല്ലാതുള്ള യാത്ര കോവിഡ് കാലം മുതൽ നടക്കുന്നില്ല. അതിനിടെ മെമു ട്രെയിൻ സർവിസ് തുടങ്ങുകയാണ്. ഇത് യാത്രക്കാരെ പ്രതീക്ഷയുടെ ട്രാക്കിലേക്കാണ് ഉയർത്തുന്നത്. കോവിഡിന് ശേഷമുള്ള ആദ്യത്തെ അണ് റിസര്‍വ്ഡ് ട്രെയിനായാണ് മാർച്ച് 16 മുതൽ മെമു സർവിസ് ആരംഭിക്കുന്നത്. ഇതിെൻറ ഭാഗമായി വ്യാഴാഴ്ച നടത്തിയ ട്രയല്‍ റൺ ഏറെ വിജയമായിരുന്നു.
ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും മാര്‍ച്ച് 16 മുതല്‍ ഓടിത്തുടങ്ങുന്ന മെമുവിെൻറ പരിശീലന ഓട്ടമാണ് വ്യാഴാഴ്ച നടന്നത്. പാലക്കാട് ഡിവിഷന് എ.ഡി.ആര്.എം സക്കീര്‍ ഹുസൈന്, സീനിയര്‍ ഡിവിഷന് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (ഓപറേഷന്‍സ്) ജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തത്.
ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ ട്രെയിൻ നിര്‍ത്തുന്ന എല്ലാ സ്റ്റേഷന് പ്ലാറ്റ്ഫോമുകളിലെയും ഉയരം സംഘം പരിശോധിച്ചു. ഇലക്ട്രിഫിക്കേഷന് സംവിധാനവും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. എട്ടു കോച്ചുള്ള (കാര്‍) മെമു ആണ് പരിശീലന ഓട്ടം നടത്തിയത്. മാര്‍ച്ച് 16 മുതല്‍ 12 കോച്ചുള്ള (കാര്‍) മെമു ആയിരിക്കും ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ സർവിസ് നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ പാസഞ്ചര്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനിലും മെമു നിര്‍ത്തും. എക്സ്പ്രസ് വണ്ടിയുടെ നിരക്കാണ് ഈടാക്കുക. എന്നാൽ, ലോക്കൽ ട്രെയിൻ നിർത്തുന്ന എല്ലാ സ്റ്റേഷനിലും മെമു നിർത്തുമെന്നതാണ് യാത്രക്കാർക്ക് ഏറെ ഗുണമാകുന്നത്.
ദക്ഷിണ റെയില്‍വേയുടെ സര്‍ക്കുലര്‍ പ്രകാരം മെമു രണ്ട് സര്‍വിസാണ് നടത്തുക. ഷൊര്‍ണൂര്‍ -കണ്ണൂര്‍ (06023), കണ്ണൂര്‍ -ഷൊര്‍ണൂര്‍ (06024) എന്നിവയാണ് അവ. ഷൊര്‍ണൂരില്‍നിന്ന് പുലര്‍ച്ച 4.30ന് കണ്ണൂരിലേക്ക് മെമു പുറപ്പെടും. 9.10ന് കണ്ണൂര്‍ എത്തും. തിരിച്ച് വൈകീട്ട് 5.20ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. രാത്രി 10.55ന് ഷൊര്‍ണൂര്‍ എത്തും.
ചെന്നൈ സോണലിൽ 20 മെമു സർവിസിനാണ് റെയിൽവേ പച്ചക്കൊടി കാണിച്ചത്. കൊല്ലം -ആലപ്പുഴ, ആലപ്പുഴ -കൊല്ലം, ആലപ്പുഴ -എറണാകുളം, എറണാകുളം -ആലപ്പുഴ, എറണാകുളം -ഷൊർണൂർ, ഷൊർണൂർ -എറണാകുളം എന്നീ ട്രെയിനുകളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്.
സീസൺ ടിക്കറ്റ് യാത്രക്കാർക്ക് പ്രാമുഖ്യം നൽകുന്ന ട്രെയിനുകൾ ഞായറാഴ്ച സർവിസ് നടത്തില്ല. യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് സംസ്ഥാനത്ത് മെമു ട്രെയിൻ ആരംഭിക്കണമെന്നത്. മലബാർ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കണമെങ്കിൽ കോഴിക്കോട്-മംഗളൂരു റൂട്ടിലും മെമു സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.