മെമു ട്രെയിനെത്തില്ല; ബസിൽ അധിക നിരക്കും ദുരിതം തീരാതെ വിദ്യാർഥികൾ
text_fieldsകാസർകോട്: സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലെല്ലാം നിലവിലുള്ള പാസഞ്ചർ ട്രെയിനുകൾ മെമു ആയി മാറ്റുകയും പുതുതായി മെമു സർവിസുകൾ ആരംഭിക്കുകയും ചെയ്തെങ്കിലും കാസർകോട് ഈ സൗകര്യം ലഭ്യമാക്കാതെ അധികൃതർ. കോവിഡ് ഇളവുകൾ വന്നതോടെ വിദ്യാർഥികളുൾപ്പെടെ നിരവധി പേരാണ് യാത്രാസൗകര്യമില്ലാതെ ദുരിതത്തിലായത്.
കണ്ണൂർ-മംഗളൂരു റൂട്ടിൽ പുതുതായി മെമു സർവിസ് ആരംഭിക്കാമെന്ന് റെയിൽവേ മന്ത്രിയടക്കമുള്ളവർ വർഷങ്ങൾക്കു മുമ്പേ വാഗ്ദാനം നൽകിയിരുന്നു. കോയമ്പത്തൂർ-തൃശൂർ, തൃശൂർ-കണ്ണൂർ, കോഴിക്കോട്-തൃശൂർ എന്നിവ മെമുവായി മാറ്റാനും പുതുതായി കോഴിക്കോട്-പാലക്കാട്, കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
ചികിത്സക്കു മാത്രമല്ല; വിദ്യാഭ്യാസത്തിനും മംഗളൂരു
ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായതിനാൽ ചികിത്സക്ക് പുറമെ വിദ്യാഭ്യാസത്തിനും കാസർകോട്ടുകാര്‍ അയല്‍സംസ്ഥാനത്തെ മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് മംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്.
ഇതില്‍ ഭൂരിഭാഗവും ദിനേന പോയി വരുന്നവരാണ്. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശേഷിക്കുന്നവര്‍ പൊതുവാഹനങ്ങളെ ആശ്രയിക്കുന്നു. എല്ലാ കുട്ടികളെയും ട്രെയിനിൽ ഉൾക്കൊള്ളാന്‍ കഴിയാത്തതിനാലും ചില സ്ഥാപനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ദൂരെയായതിനാലും ഒരുപാട് വിദ്യാർഥികൾക്ക് ചെലവ് കൂടിയ ബസ് യാത്ര മാത്രമാണ് ആശ്രയം.
സ്വകാര്യ ബസുകള്‍ പകുതി നിരക്ക് ഈടാക്കി വിദ്യാര്‍ഥികളെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍, കാസർകോട്-മംഗളൂരു റൂട്ട് ദേശസാത്കരിച്ചതോടെ ആ സൗകര്യം നിലച്ചു. അന്തര്‍ സംസ്ഥാന ടിക്കറ്റുകള്‍ക്ക് സൗജന്യം നല്കാന് നിവൃത്തിയില്ലെന്നാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നത്. അതിനാല്‍, ഫുള്‍ ടിക്കറ്റ് എടുത്തു പോകാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. രക്ഷിതാക്കള്‍ക്ക് വലിയൊരു തുക ഈയിനത്തിൽ ചെലവാക്കേണ്ടിവരുന്നത് താഴ്ന്ന വരുമാനക്കാരെയാണ് ദുരിതത്തിലാക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള രക്ഷിതാക്കള്‍ കുട്ടികളെ ഹോസ്റ്റലിലും മറ്റും താമസിപ്പിക്കും. പക്ഷേ, സാധാരണക്കാരെ ഇത് ഏറെ ബാധിക്കുന്നുണ്ട്. ഭീമമായ ഫീസിനൊപ്പം വലിയ തുക ഗതാഗതത്തിനും ചെലവഴിക്കേണ്ടി വരുന്നത് സാമ്പത്തിക സ്ഥിതിയെ തെല്ലൊന്നുമല്ല ബാധിക്കുക.
കർണാടക ആർ.ടി.സിയിൽ ഇളവ്
ചില രക്ഷിതാക്കള്‍ മംഗളൂരുവിലെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് അധികൃതരെക്കണ്ട് നിവേദനം നല്‍കിയതിനെ തുടർന്ന് കര്‍ണാടക ബസില്‍ ഇപ്പോള്‍ സൗജന്യ നിരക്കില്‍ വിദ്യാർഥികള്‍ക്ക് സഞ്ചരിക്കാം.
വളരെ ചെറിയ നിരക്ക് മാത്രം ഈടാക്കിയാണ് അവര്‍ കുട്ടികളെ കൊണ്ടുപോവുന്നത്. പക്ഷേ, കന്നഡ രക്ഷിതാക്കളുടെ മക്കള്‍ക്ക് മാത്രമാണ് ഈ ഇളവ്. കര്‍ണാടക ബസില്‍ ദിവസം നാലു രൂപക്ക് വിദ്യാർഥികൾക്ക് കാസർകോട്ടുനിന്ന് മംഗളൂരുവിൽ പോയിവരാന്‍ സാധിക്കും. കേരള ബസില്‍ 100 രൂപയിലേറെയാണ് ചെലവ്. കര്‍ണാടക സര്‍ക്കാര്‍ ഈ റൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കുമ്പോഴാണ് സ്വന്തം സംസ്ഥാന സര്‍ക്കാര്‍ മുഴുവൻ ചാര്‍ജും ഈടാക്കി അവരെ പിഴിയുന്നത്.
മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കന്നഡക്കാരനോ കന്നഡ പഠിച്ചവരോ ആണെങ്കില്‍ മാത്രമേ ഈ ഇളവിന് അര്‍ഹതയുള്ളൂവെങ്കിലും മഞ്ചേശ്വരം, കാസർകോട് താലൂക്കുകളില്‍ താമസക്കാരനെന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എല്ലാവർക്കും പാസ് നല്‍കുന്നുണ്ട്. കാസര്‍കോട്ടെ കന്നഡക്കാരായ വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന യാത്രായിളവ് മലയാളികള്‍ക്കും ലഭ്യമാക്കാന്‍ കാസർകോട്, മഞ്ചേശ്വരം എം.എല്‍.എമാരും റവന്യൂ മന്ത്രിയും വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
അവഗണിക്കുന്നതിൽ പ്രതിഷേധം
കാസർകോട്: വടക്കൻ മലബാറിനെ റെയിൽവേ തുടർച്ചയായി അവഗണിക്കുന്നതിൽ കുമ്പള റെയിൽവേ പാസഞ്ചേർസ് അസോസിയേഷൻ പ്രതിഷേധിച്ചു. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് നേരത്തെ വാഗ്ദാനം ചെയ്ത പുതിയ മംഗളൂരു-കണ്ണൂർ മെമു സർവിസ് എത്രയും പെട്ടെന്ന് തുടങ്ങണമെന്നും പ്രസിഡൻറ് നിസാർ പെറുവാഡ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.