മനേക ഗാന്ധിയുടെ പരാമർശം വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച്: കോടിയേരി
text_fieldsപാലക്കാട്: ആന ചരിഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സംഭവത്തെ പിൻപറ്റി മനേക ഗാന്ധി ഉള്‍പ്പെടെ ബി.ജെ.പി നേതാക്കൾ മലപ്പുറത്തെക്കുറിച്ചു നടത്തിയ പരാമർശം വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. എന്നിട്ടും ദേശീയ തലത്തില്‍ ഇത്തരത്തില്‍ ഒരു തെറ്റായ പ്രചാരണത്തിന് നേതൃത്വം കൊടുത്തവര്‍ ഒരു പ്രത്യേക മതവിഭാഗത്തെയാണ് ലക്ഷ്യം വെക്കുന്നത്.
സംഭവം പാലക്കാടാണ് നടന്നത്. പക്ഷെ കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും ട്വീറ്റ് ചെയ്തത് മലപ്പുറത്ത് സംഭവം നടന്നു എന്നാണ്. ബോധപൂര്‍വ്വം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യംവെച്ചുള്ള പ്രചാരണമായിരുന്നു ഇത്. മനേക ഗാന്ധി എപ്പോഴും ഇത്തരം പ്രചാരണത്തില്‍ മുന്നിലാണ്.
മലപ്പുറം ജില്ലയെ ലക്ഷ്യംവെക്കുക. അത് പ്രത്യേക മതവിഭാഗത്തിന്‍റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുക. അതൊക്കെയാണ് നടന്നു വരുന്നത്. ദേശീയതലത്തില്‍ മതനിരപേക്ഷമായ സംസ്ഥാനമായ കേരളത്തിന്‍റെ അടിത്തറ തകര്‍ക്കലും ഇത്തരക്കാരുടെ ലക്ഷ്യമാണ്. വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രചാരണത്തില്‍ നിന്ന് ഇത്തരക്കാര്‍ പിന്‍മാറണമെന്നും കോടിയേരി അഭ്യർഥിച്ചു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.