ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ; ജാമ്യം നൽകിയതിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: കാമുകനെ കഷായത്തില്‍ വിഷം നൽകി കൊന്ന കേസിലെ പ്രതി ഗ്രീഷ്മക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി ആൾ കേരള മെൻസ് അസോസിയേഷൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.
ഷാരോൺ വധക്കേസിൽ കഴിഞ്ഞാഴ്ചയാണ് ജാമ്യം ലഭിച്ച് ഗ്രീഷ്മ ജയിൽ മോചിതയായത്. സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റിയത് വാർത്തയായിരുന്നു. ഇപ്പോൾ കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നൽകിയിരിക്കുകയാണ് ഗ്രീഷ്മ. സംഭവം നടന്നത് കന്യാകുമാരിയിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് കേസ് നടപടിക ഇപ്പോൾ പുരോഗമിക്കുന്നത്.
നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി.എസ്.സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോൺ രാജ് ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ജീവനായി ദിവസങ്ങളോളം ആശുപത്രിയിൽ പൊരുതിയാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്.
മരണമൊഴിയിൽ പോലും ഗ്രീഷ്മയെ ഷാരോൺ സംശയിച്ചിരുന്നില്ല. ആദ്യം കേസ് അന്വേഷിച്ച പാറശ്ശാല പൊലീസ്, സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ, പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന് നിര്‍മല്‍ കുമാറും കേസിൽ പ്രതികളാണ്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യശ്രമം നടത്തിയതിന് ഗ്രീഷ്മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.