ലൈംഗികാതിക്രമത്തെ തുടർന്ന് മനോനില തെറ്റി; പെൺകുട്ടിയെ ചികിത്സിക്കാൻ കോടതി ഉത്തരവ്
text_fieldsതിരുവനന്തപുരം: 'എനിക്ക് കരാട്ടേ പഠിക്കണം, എന്നെ പിടിച്ചവനെ ഇടിക്കണം'.... ഇനിയും എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും അവളുടെ ശബ്ദം ഇടറി. തന്റെ ജീവിതം തകർത്ത അതിക്രമം ഓർത്ത് അവൾ നിശബ്ദയായി.
തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയിലായിരുന്നു വൈകാരികമായ ഈ നിമിഷങ്ങൾ. പോക്സോ കേസിൽ മൊഴി നൽകാൻ എത്തിയ, ലൈംഗികാതിക്രമത്തെ തുടർന്ന് മനോനില തെറ്റിയ പെൺകുട്ടിയുടേതായിരുന്നു ഈ വാക്കുകൾ. കോടതിയുടെ സാക്ഷിക്കൂട്ടിൽനിന്ന് ഒന്നും പറയാനാകാതെ അവൾ വിതുമ്പി. സംഭവത്തെക്കുറിച്ച് ജഡ്ജി ആർ. ജയകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഇത്രയും പറഞ്ഞത്. മനോനില തകർന്ന പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് ഇരക്ക് അടിയന്തര ചികിത്സ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗത്തിൽ ചികിത്സ നടത്താൻ വേണ്ട നടപടികൾ എടുക്കണമെന്നും നിർദേശിച്ചു.2013 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ പതിനഞ്ചുകാരിയുടെ ജീവിതം മാറിമറിഞ്ഞത്. ജന്മനാ മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ സമീപവാസികളായ രണ്ടുപേർ ബലാത്സംഗം ചെയ്തു. മാനസിക വെല്ലുവിളിയുള്ള മാതാവ് തടഞ്ഞിട്ടും പ്രതികൾ ഈ പെൺകുട്ടിയെ വെറുതെ വിട്ടില്ല. ശ്രമം എതിർത്തപ്പോൾ ക്രൂരമായി മർദനവുമേറ്റു.
ഈ സംഭവത്തിനുശേഷം കുട്ടിയുടെ മാനസികനില കൂടുതൽ തകർന്നു. മാതാവും 90 വയസ്സായ അമ്മൂമ്മയും മാത്രമാണ് ഏക ആശ്രയം. കുട്ടിയെ ചികിത്സക്ക് കൊണ്ടുപോകാൻ ആരുമില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. കുറച്ച് വർഷങ്ങളായി സംസാരിക്കുന്നില്ല.
കുട്ടിയെ ചികിത്സിക്കാൻ അയക്കണോയെന്ന് മാതാവിനോടും അമ്മൂമ്മയോടും കോടതി ആരാഞ്ഞപ്പോൾ ഇരുവരും സമ്മതിച്ചു. തുടർന്ന് കുട്ടിക്ക് ചികിത്സക്ക് വേണ്ട സഹായം നൽക്കാൻ കോടതി പൂജപ്പുര പൊലീസിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.