സി.കെ.പത്മനാഭന്റെ പരാമർശം; ബി.ജെ.പി നേതൃത്വം വിവരം തേടി
text_fieldsകണ്ണൂർ: കാസർകോട് ലോക്സഭ മണ്ഡലം എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭനോട് നേതൃത്വം വിവരം തേടി. കാസർകോട്ടെ കൺവെൻഷനിൽ എന്താണ് സംഭവിച്ചതെന്നുചോദിച്ച് ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേകർ സി.കെ. പത്മനാഭനെ ഫോണിൽ വിളിച്ചാണ് വിവരങ്ങൾ തേടിയത്.
കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പത്മജ വേണുഗോപാലിനെ ആക്ഷേപിച്ചോയെന്നാണ് പ്രധാനമായും അദ്ദേഹം അന്വേഷിച്ചത്. പരിപാടിയിൽ ഉദ്ഘാടകനാവേണ്ടയാളെ അവസാന നിമിഷം ഒഴിവാക്കിയ സാഹചര്യവും അദ്ദേഹം ചോദിച്ചറിഞ്ഞു. പത്മജ നിലവിളക്ക് കൊളുത്തുന്ന വേളയിൽ വേദിയിലിരുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ കാര്യങ്ങളും നേതൃത്വത്തെ അറിയിച്ചതായും പത്മജയെ ആക്ഷേപിക്കുന്ന തരത്തിൽ ഒന്നുമുണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയതായും സി.കെ. പത്മനാഭൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പത്മജക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ആ പരിപാടി ബഹിഷ്കരിച്ചിട്ടുമില്ല. ക്ഷീണം കൊണ്ടാണ് നിലവിളക്ക് കൊളുത്തുന്ന വേളയിൽ എണീറ്റ് നിൽക്കാതിരുന്നത്.
മറ്റൊരു പരിപാടിയിൽ ഏറെനേരം സംസാരിച്ച ശേഷമാണ് അവിടെ എത്തിയത്. ഇതെല്ലാം കേരള പ്രഭാരിയെ ബോധ്യപ്പെടുത്തിയതായും ഇതൊരു വിശദീകരണം തേടലല്ലെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞത് ചോദിച്ചറിയുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പി നേതൃത്വത്തിനും നേതാക്കളുടെ കടുത്ത മുസ്ലിം വിരുദ്ധതക്കുമെതിരെ നടത്തിയ പരാമർശങ്ങളെക്കുറിച്ചൊന്നും പ്രകാശ് ജാവദേകർ അന്വേഷിച്ചതുമില്ല.
അതിനിടെ, ബി.ജെ.പിയിലേക്കുള്ള കോൺഗ്രസുകാരുടെ തള്ളിക്കയറ്റത്തെ സി.കെ. പത്മനാഭൻ തിങ്കളാഴ്ചയും പരിഹസിച്ചു. കോൺഗ്രസുകാർ ഇടിച്ചുകയറുകയാണെന്നും ഇടികൊണ്ട് പരിക്കേൽക്കാതെ ഞങ്ങൾ നോക്കാമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ആന്റണിയുടെയും കരുണാകരന്റെയും മക്കൾ വന്ന സ്ഥിതിക്ക് ഇനി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.