മേപ്പയ്യൂർ സ്കൂൾ തെരഞ്ഞെടുപ്പ്: ഡി.വൈ.എഫ്.ഐ- യു.ഡി.വൈ.എഫ് സംഘർഷം
text_fieldsമേപ്പയ്യൂർ: കോഴിക്കോട് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ- യു. ഡി. വൈ. എഫ് സംഘർഷം. ഇരു വിഭാഗങ്ങളിലുമായി ആറ് പേർക്ക് പരിക്കേറ്റു. യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് സെക്രട്ടറി അജ്നാസ് കാരയിൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, സി.പി.എം മേപ്പയ്യൂർ ലോക്കൽ കമ്മിറ്റിയംഗം എ. സി. അനൂപ്, ധനേഷ് ഉത്തരായനം, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികളായ അരുൺ.ജി.ദേവ്, അമൽ ആസാദ് എന്നിവർക്കാണ് പരിക്കേറ്റത്.
മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആദ്യ ഫലത്തിൽ യു.ഡി.എസ്.എഫ് വിജയിച്ചെന്നും തുടർന്ന് റീ കൗണ്ടിങ്ങിൽ റിസൾട്ട് അട്ടിമറിച്ച് എസ്.എഫ്.ഐ പാനലിന് വിജയിക്കാനുള്ള അവസരമൊരുക്കിയെന്നാരോപിച്ച് യു. ഡി.വൈ.എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് നടന്ന സംഘർഷത്തിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സുധാകരൻ പറമ്പാട്ടിന് മർദ്ദനമേറ്റിരുന്നു. യു.ഡി.എഫ് തെറ്റായ പ്രചരണം അഴിച്ചുവിട്ട് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും ടൗണിൽ പ്രകടനം നടത്തി.
ഇരു സംഘങ്ങളും പൊലീസ് സ്റ്റേഷനു സമീപം ഏറ്റുമുട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധയോഗം നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിയിലും സി.പി.എം അക്രമത്തിലും പ്രതിഷേധിച്ച് തിങ്കളാഴ്ച മേപ്പയ്യൂർ ടൗണിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് യു. ഡി.എഫ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.