മേപ്പാടി ഉരുള്‍പൊട്ടല്‍: കേന്ദ്രസഹായം ലഭ്യമാക്കാന്‍ മന്ത്രി എം.ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു
text_fieldsതിരുവനന്തപുരം: മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു അടിയന്തര സഹായം ലഭ്യമാകുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂർണമായും എഴുതിത്തള്ളണമെന്നും ഈ സഭ ഐകകണ്‌ഠേന കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പ്രമേയത്തിന്റെ പൂർണ രൂപം
മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം
2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്. സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം അനിവാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ധനസഹായമാണ് കേന്ദ്രസര്‍ക്കാരിനു മുമ്പാകെ ആവശ്യപ്പെട്ടിട്ടുള്ളത്. ബഹു. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച വേളയിലും അതിനുശേഷം അദ്ദേഹത്തെ നേരില്‍കണ്ടും സഹായാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.
എന്നാല്‍ ഇതുവരെ അടിയന്തര സഹായം ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ (ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ നേച്ചര്‍) ഗണത്തില്‍പ്പെടുന്നതാണ് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിന് ലഭിച്ചില്ല എന്നത് ഖേദകരമാണ്.
ദുരന്തബാധിതര്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ എഴുത്തത്തള്ളുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി 2024 ആഗസ്റ്റ് 19 ന് വിളിച്ചുകൂട്ടുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ കാലവിളംബം കൂടാതെ തുടര്‍നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമം, 2005 ലെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീവ്രദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അധികാരമുണ്ട്. പ്രസ്തുത അധികാരം വിനിയോഗിക്കാന്‍ ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്.
അടിയന്തര സഹായം ലഭ്യമാകുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും ഈ സഭ ഐകകണ്‌ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.