'മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം'; ആർ.എസ്.എസ് പ്രതികളെ കുറിച്ച് സന്ദീപാനന്ദ ഗിരി
text_fieldsതന്റെ ആശ്രമത്തിന് തീയിട്ട ആർ.എസ്.എസ് പ്രതികളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ് ബുക്കിലൂടെയാണ് പരിഹാസം. 'മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം' എന്നാണ് സ്വാമിയുടെ പരിഹാസം. സന്ദീപാനന്ദ ഗിരി സ്വയം ആശ്രമത്തിന് തീയിട്ടതാണെന്നായിരുന്നു സംഘ്പരിവാർ തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. ആശ്രമം കത്തിച്ചതിനു പിന്നിലെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും സന്ദീപാനന്ദ ഗിരി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത് ഏതാനും മണിക്കൂർ മുമ്പാണ്. ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകരെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ആണ് മൊഴി നൽകിയത്.
ആശ്രമം കത്തിച്ചത് ആർ.എസ്.എസ്. പ്രവർത്തകരായിരുന്ന തന്‍റെ സഹോദരൻ പ്രകാശനും സുഹൃത്തുകളും ചേർന്നാണെന്നാണ് പ്രശാന്ത് മൊഴി നൽകിയത്. സുഹൃത്തുക്കൾ മർദിച്ചതിനെ തുടർന്നാണ് പ്രകാശ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് പ്രശാന്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി തിരുവനന്തപുരം അഡീഷനൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 2018ലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.