സർക്കാർ ഡെന്റൽ കോളജുകളിൽ: മെറിറ്റ് സീറ്റ് തരംമാറ്റി മുന്നാക്ക സംവരണം
text_fieldsതിരുവനന്തപുരം: സർക്കാർ ഡെന്റൽ കോളജുകളിലെ ബി.ഡി.എസ് മെറിറ്റ് സീറ്റുകൾ തരംമാറ്റി മുന്നാക്ക സംവരണം. ആറ് സർക്കാർ ഡെന്റൽ കോളജുകളിലെ 23 മെറിറ്റ് സീറ്റുകളാണ് മുന്നാക്ക സംവരണം നടപ്പാക്കാനായി സർക്കാർ തരംമാറ്റിയത്.
കണ്ണൂർ ഗവ. കോളജിൽ എട്ട് സീറ്റുകളും തിരുവനന്തപുരം, തൃശൂർ കോളജുകളിൽ നാല് വീതവും കോട്ടയം, ആലപ്പുഴ കോളജുകളിൽ മൂന്ന് വീതവും കോഴിക്കോട് കോളജിൽ ഒരു സീറ്റുമാണ് മെറിറ്റിൽ നിന്നെടുത്ത് മുന്നാക്ക സംവരണത്തിനായി മാറ്റിനൽകുകയും അലോട്ട്മെന്റ് നടത്തുകയും ചെയ്തത്.
ആറ് സർക്കാർ ഡെന്റൽ കോളജുകളിൽ ആകെയുള്ളത് 300 സീറ്റുകളാണ്. സർക്കാർ മെഡിക്കൽ കോളജുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ 2019ൽ മെഡിക്കൽ കൗൺസിൽ 155 സീറ്റുകൾ അധികമായി അനുവദിച്ചിരുന്നു. എന്നാൽ, സർക്കാർ ഡെന്റൽ കോളജുകളിൽ മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് ഡെന്റൽ കൗൺസിൽ ഇതുവരെ സീറ്റ് വർധിപ്പിച്ചുനൽകിയിട്ടില്ല. സീറ്റ് വർധനക്ക് ഡെന്റൽ കൗൺസിലിന് കത്ത് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും വർധന അനുവദിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
ഡെന്റൽ കൗൺസിലിൽനിന്ന് അധിക സീറ്റുകൾ നേടിയെടുക്കുന്നതിന് പകരം നിലവിലുള്ള സീറ്റുകൾ തരംമാറ്റിയാണ് സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയത്. മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള മറ്റ് കോഴ്സുകളിലെല്ലാം അധിക സീറ്റുകൾ അനുവദിച്ചതുപ്രകാരമാണ് മുന്നാക്ക സംവരണം നടപ്പാക്കിയതെങ്കിൽ ഡെന്റൽ കോഴ്സിൽ അതുണ്ടായില്ല. ഫലത്തിൽ സർക്കാർ ഡെന്റൽ കോളജുകളിൽ മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട 23 വിദ്യാർഥികളുടെ അവസരമാണ് മുന്നാക്ക സംവരണത്തിന്റെ മറവിൽ സർക്കാർ കവർന്നത്.
അധിക സീറ്റുകൾ അനുവദിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്ന സർക്കാർ വാദം പൊളിയുന്നത് കൂടിയാണ് ഡെന്റൽ കോളജുകളിലെ വിദ്യാർഥി പ്രവേശനം.
കഴിഞ്ഞ വർഷംവരെ സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രമാണ് മുന്നാക്ക സംവരണം നടപ്പാക്കിയതെങ്കിൽ ഈ വർഷം മുതൽ ന്യൂനപക്ഷ പദവിയില്ലാത്ത സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലും സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കി. ഇവിടെയും മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട കുട്ടികൾക്കാണ് അവസരം നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.