സഞ്ജനക്ക് വീടൊരുക്കാൻ എം.ഇ.എസ്; ഇനി ഭൂമി വേണം
text_fieldsതിരുവനന്തപുരം: സ്കൂൾതന്നെ വീടായ വിദ്യാർഥിനി സഞ്ജനക്ക് കൈത്താങ്ങായി മുസ്ലിം എജുക്കേഷൻ സൊസൈറ്റി (എം.ഇ.എസ്). ഭൂമിയുണ്ടെങ്കിൽ സഞ്ജനക്കും കുടുംബത്തിനും വീട് നിർമിച്ചുനൽകാൻ എം.ഇ.എസ് സംസ്ഥാന കമ്മിറ്റി തയാറാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏഴു ലക്ഷം രൂപ ചെലവിൽ രണ്ട് കിടപ്പുമുറിയും മറ്റ് സൗകര്യങ്ങളുമുള്ള വീട് നിർമിച്ചുനൽകുമെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയും പഠനത്തിൽ മിടുക്കരായ രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ആറുവർഷമായി വലിയതുറ ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. അമ്മ ഇതേ സ്കൂളിലെ പി.ടി.എ പ്രസിഡന്റും മക്കൾ വിദ്യാർഥികളുമാണ്. സഞ്ജന കൈക്കുഞ്ഞായിരിക്കെ, നാലാം വയസ്സിലാണ് കടലാക്രമണത്തിൽ വീട് നഷ്ടമായി കുടുംബം സ്കൂളിൽ അഭയം തേടിയത്.
‘ക്ലാസ് മുറിയിലേക്കൊരു ചുമരകലം; സഞ്ജനക്ക് ഇത്തവണയും വീട് തന്നെ സ്കൂൾ’ തലക്കെട്ടിൽ വ്യാഴാഴ്ച ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട് എം.ഇ.എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി നദീർ കടയറയുമായി ബന്ധപ്പെട്ട് വീട് നൽകാനുള്ള സന്നദ്ധത ഫസൽ ഗഫൂർ അറിയിച്ചു.
വീട് ലഭിക്കുമെന്ന് കേട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും മത്സ്യത്തൊഴിലാളി കുടുംബത്തിൽപെട്ട തങ്ങൾക്ക് ഒരു തുണ്ട് ഭൂമിപോലുമില്ലെന്നും സഞ്ജനയുടെ അമ്മ സൂസി വിതുമ്പലോടെ പറഞ്ഞു. സ്കൂൾ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ബാലാവകാശ കമീഷൻ ജില്ല ഭരണകൂടത്തിനും തിരുവനന്തപുരം കോർപറേഷനും നിർദേശം നൽകിയിട്ടുണ്ട്. അത് നടപ്പാക്കുമ്പോൾ ഇവർ വഴിയാധാരമാകും. സുമനസ്സുകളോ രാഷ്ട്രീയ കക്ഷികളോ ഭൂമി ലഭ്യമാക്കിയാൽ ഈ കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.