വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം; ഖുര്‍ആന്‍ സന്ദേശം പണ്ഡിതര്‍ക്കും ബാധകം -സാദിഖലി തങ്ങള്‍
text_fieldsകൊണ്ടോട്ടി: അടുത്തിടെയുണ്ടായ ചില വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം അരിമ്പ്രയിലെ മനങ്ങറ്റ മഹല്ല് ഖാദിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, ജനങ്ങളോട് നല്ലത് പറയണമെന്നാണ് ഖുര്‍ആന്‍ സന്ദേശമെന്നും അത് പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും ബാധകമാണെന്നും ഓര്‍മിപ്പിച്ചു. സമസ്ത ജോയന്റ് സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ആരുടെയും പേര് പരാമർശിക്കാതെ സാദിഖലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.
സാദിഖലി തങ്ങള്‍ക്ക് ഖാദിസ്ഥാനം വഹിക്കാനുള്ള പാണ്ഡിത്യമില്ലെന്ന ഉമര്‍ ഫൈസി മുക്കത്തിന്റെ ആരോപണത്തിനുശേഷം പുതിയൊരു മഹല്ലിന്റെ ഖാദിയായി തങ്ങള്‍ ചുമതലയേൽക്കുന്നത് ആദ്യമായാണ്. നേരത്തേ ഖാദിയായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് ചെമ്മാട് ദാറുല്‍ഹുദ കോളജിലെ വൈസ് പ്രിന്‍സിപ്പലും ഖത്തീബുമായ യൂസുഫ് ഫൈസിക്കായിരുന്നു താൽക്കാലിക ചുമതല. അടുത്തിടെ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് ഖാദിയായി സാദിഖലി തങ്ങളെ നിശ്ചയിച്ചത്. സമസ്ത നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് മമ്മദ് അധ്യക്ഷത വഹിച്ചു. മനങ്ങറ്റ ബാപ്പുട്ടി ഉപഹാരം സമ്മാനിച്ചു.
പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്ന് ഉമർ ഫൈസി
കോഴിക്കോട്: തന്റെ പരാമർശങ്ങൾ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചല്ലെന്നും ദുർവ്യാഖ്യാനം ചെയ്തതാണെന്നുമുള്ള വിശദീകരണവുമായി സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി. ഖാദി ആകുന്നതിനുള്ള മതപരമായ വീക്ഷണമാണ് പറഞ്ഞതെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മലപ്പുറം എടവണ്ണപ്പാറയിൽ നടന്ന പൊതുസമ്മേളനത്തിൽ ഉമർ ഫൈസി ഖാദി ഫൗണ്ടേഷനെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സാദിഖലി തങ്ങളെ പേരെടുത്തുപറയാതെ നടത്തിയ വിമർശനം പാണക്കാട് കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നതാണെന്ന ആരോപണമുയർത്തി മുസ്ലിം ലീഗ് നേതൃത്വവും സമസ്തയിലെ ഒരുവിഭാഗം നേതാക്കളും രംഗത്തുവന്നിരുന്നു. തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഉമർ ഫൈസിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.