എ.ഡി.ജി.പി അജിത്കുമാറിനെ കണ്ടു; സ്ഥിരീകരിച്ച് വത്സൻ തില്ലങ്കേരി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചും വിശദീകരിച്ചും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി. ആഗസ്റ്റ് നാലിന് കല്പറ്റയിലെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി. ബാബു, ആർ.എസ്.എസ് സംസ്ഥാന സേവാ പ്രമുഖ് എം.സി. വത്സൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ‘വയനാട്ടിൽ ദുരന്തം നടന്ന ഘട്ടത്തിൽ മന്ത്രി ജോർജ് കുര്യനെ കാണാനാണ് കൽപറ്റയിലെ ഹോട്ടലിൽ പോയത്. തൊട്ടടുത്ത മുറിയിൽ എ.ഡി.ജി.പി അജിത് കുമാർ ഉണ്ടായിരുന്നു. സന്നദ്ധപ്രവർത്തകരുമായെ
ത്തുന്ന ആംബുലന്‍സുകള്‍ പൊലീസ് തടയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇക്കാര്യമാണ് എ.ഡി.ജി.പിയുടെ ശ്രദ്ധയിൽ പെടുത്തിയത്. നാല് മിനിറ്റാണ് കൂടിക്കാഴ്ച നീണ്ടത്. ഈ സമയത്ത് മന്ത്രിമാരെയും കലക്ടറെയും കണ്ടിരുന്നെന്ന് വത്സൻ കൂട്ടിച്ചേർത്തു.
അതേസമയം, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇതിനകംതന്നെ ആരോപണ വിധേയനായ അജിത്കുമാറിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ആർ.എസ്.എസ് നേതാക്കളെ ഓടി നടന്നു കാണുന്നയാളാണ് എ.ഡി.ജി.പിയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചത്. നിലവിൽ പുറത്തുവന്ന കൂടിക്കാഴ്ചകളുടെ പേരിൽ എ.ഡി.ജി.പിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികൾ മുന്നണിക്കുള്ളിലും പുറത്തും സമ്മർദം തുടരുന്ന സാഹചര്യത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.