സംഭവസ്ഥലം പുനഃസൃഷ്ടിക്കാം; കുറ്റാന്വേഷണത്തിന് കരുത്തേകാൻ ‘മെറ്റവേഴ്സ്’
text_fieldsകൊച്ചി: കുറ്റാന്വേഷണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ചുവടുവെപ്പാകാൻ ഒരുങ്ങുകയാണ് ‘ക്രൈം സീൻ റിക്രിയേഷൻ മെറ്റവേഴ്സ്’ നൂതന സാങ്കേതിക സംവിധാനം. കുറ്റകൃത്യം നടന്ന ഒരു സ്ഥലത്തെയും പരിസരത്തെയും അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങളോടെ യഥാർഥ പ്രതീതി ജനിപ്പിക്കുംവിധം പുനഃസൃഷ്ടിക്കുന്ന ഈ സംവിധാനം ‘വെംപ്’ പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ നടന്ന രാജ്യാന്തര സൈബർ സുരക്ഷ സമ്മേളനമായ കൊക്കൂണിന്റെ ഭാഗമായ പ്രദർശനത്തിൽ ഇത് അവതരിപ്പിച്ചു.
കോട്ടയം ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി)യിലെ ഗ്യാൻ ഇന്നവേഷൻ ലാബാണ് കേരള പൊലീസിന്റെ സൈബർ ഡോമുമായി സഹകരിച്ച് ‘മെറ്റവേഴ്സ്’ സംവിധാനം വികസിപ്പിച്ചത്.
നിലവിൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ആദ്യം പകർത്തുന്ന ചിത്രങ്ങളെയും വിഡിയോ ദൃശ്യങ്ങളെയുമാണ് തെളിവുകൾക്കും നിഗമനങ്ങൾക്കുമായി പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, എല്ലായിപ്പോഴും ഇവ കൃത്യമായ ഫലം നൽകണമെന്നില്ല. പിന്നീട് കാലഹരണപ്പെടുകയുമാവാം. ‘മെറ്റവേഴ്സ് പ്രോജക്ട്’ ഇതിന് ശാസ്ത്രീയ പരിഹാരം ആകുമെന്ന് കരുതപ്പെടുന്നു.
ഈ സംവിധാനത്തിൽ കുറ്റകൃത്യം നടന്ന സ്ഥലവും പരിസരവും സ്കാനിങ്ങിലൂടെ പൂർണമായും പകർത്തി ത്രിമാന മാതൃക സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ‘വെംപ്’ പ്ലാറ്റ്ഫോം വഴി ഈ രംഗങ്ങൾ യഥാർഥ പ്രതീതിയോടെ പുനഃസൃഷ്ടിക്കും. വി.ആർ ഹെഡ്സെറ്റ് ഉപയോഗിച്ച് സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുന്ന അതേ രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥന് എവിടെയിരുന്നും ഈ വെർച്വൽ ലോകത്ത് വിശദ പരിശോധന നടത്താനും നിഗമനങ്ങളിൽ എത്താനും കഴിയും.
സംഭവസ്ഥലത്തെ വസ്തുക്കൾ, തെളിവുകൾ, കെട്ടിടങ്ങൾ, മറ്റ് നിർമാണങ്ങൾ, ഭൂപ്രദേശം എന്നിവയെല്ലാം ഇതിൽ പുനഃസൃഷ്ടിക്കപ്പെടും.
ഗ്യാൻ ഇന്നവേഷൻ ലാബിലെ ചീഫ് ഇന്നവേഷൻ ഓഫിസർ കെ.ബി. അനുരൂപാണ് ഈ ആശയത്തിന് പിന്നിൽ. സംവിധാനം കൂടുതൽ നവീകരിച്ച ശേഷം പൊലീസിന്റെ കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സൈബർ ഡോം മേധാവിയും ഇന്റലിജൻസ് എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.