മീറ്റർ റീഡിങ് : വാട്ടർ അതോറിറ്റിയിൽ എം.ഡിയും യൂനിയനുകളുമായി ചർച്ച നടത്തി
text_fieldsതിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡിങ് ടാർഗറ്റ് പുതുക്കി പുറത്തിറക്കിയ ഉത്തരവിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി മാനേജിങ് ഡയറക്ടറും അംഗീകൃത യൂനിയനുകളുമായി ചർച്ച നടത്തി. ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനായി തീരുമാനമായി.
വാട്ടർ അതോറിറ്റിയും ഉപഭോക്താക്കൾക്കുമിടയിലെ കണ്ണികളായി പ്രവർത്തിക്കുന്ന പബ്ലിക് റിലേഷൻസ് ഓഫിസർമാരാണ് മീറ്റർ റീഡർമാർ എന്നത് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചു. മീറ്റർ റീഡിങ് കൂടുതൽ കാര്യക്ഷമമാക്കാൻ പാം ഹെൽഡ് മെഷീനുകൾ വേണമെന്ന ആവശ്യത്തെത്തുടർന്ന് ഇവ വാങ്ങാനായി താൽപര്യപത്രം ക്ഷണിക്കാൻ ധാരണയായി.
ഓരോ മീറ്റർ റീഡറുടെയും മേഖലയിൽ വീടുകൾ തമ്മിലുള്ള അകലം, ആകെ സഞ്ചരിക്കേണ്ട ദൂരം, ഭൂപ്രകൃതി, പരിഗണിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരശേഖരണം നടത്തും. മീറ്റർ റീഡിങ്ങിനായി നിയോഗിച്ചിട്ടുള്ള മറ്റു വിഭാഗക്കാരായ സ്ഥിരം ജീവനക്കാർക്ക് നൽകിവരുന്ന പ്രതിമാസ അലവൻസ് അപര്യാപ്തമാണെന്ന വിലയിരുത്തലിനെത്തുടർന്ന്, ഈ തുക വർധിപ്പിക്കുന്ന കാര്യം പരിശോധിക്കാനും ധാരണയായി.
മീറ്റർ റീഡിങ് പരിഷ്കരണം സംബന്ധിച്ചു പഠിക്കാനായി 2021 ജനുവരിയിൽ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ പരസ്യപ്പെടുത്തും. മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, അംഗീകൃത സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളുമായാണ് ചർച്ച നടത്തിയത്. ജൂലൈ 25ന് രണ്ടാംഘട്ട ചർച്ച നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.