അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നില്ല; പ്രശ്നങ്ങളുണ്ട് എന്നതിനർഥം മുകേഷ് മോശക്കാരനായ മനുഷ്യനാണ് എന്നല്ല -മേതിൽ ദേവിക
text_fieldsപാലക്കാട്: നടനും എം.എൽ.എയുമായ മുകേഷിന് വിവാഹ മോചനത്തിനായി വക്കീൽ നോട്ടീസയച്ച വിഷയത്തിൽ പ്രതികരണവുമായി നർത്തകി മേതിൽ ദേവിക. വക്കീൽ മുഖാന്തരം വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കോടതി നടപടികളിലേക്ക് എത്തിയിട്ടില്ലെന്നും മേതിൽ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരിക്കുകയായിരുന്നു. മുകേഷിനെതിരെ പരസ്യമായി യാതൊരു പ്രതികരണവും നടത്തുകയോ മോശം പ്രസ്താവന നൽകുകയോ ഉണ്ടായിട്ടില്ലെന്നും മേതിൽ ദേവിക പറഞ്ഞു.
''വളരെ വ്യക്തിപരമായ കാര്യമാണ് വിവാഹമോചനം. 40 വർഷത്തിലേറെയായി അഭിനയരംഗത്തുള്ള മുകേഷേട്ടനെ ഒരു തരത്തിലും അപമാനിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഓൺലൈൻ മാധ്യമങ്ങളിൽ തന്‍റെ പേരിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്.
പങ്കാളിയുമായി തുടർന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്ന് വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. സൗഹാർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും എനിക്കില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട് എന്നതിനർഥം അദ്ദേഹം മോശക്കാരനായ മനുഷ്യനാണ് എന്നല്ല.
രാഷ്ട്രീയത്തിലേക്ക് വരാനുള്ള തീരുമാനം മുകേഷിേന്റതാണ്. അതിനാൽ തന്നെ ഇപ്പോൾ വിവാഹമോചനം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമ്പോൾ അതിനെ നേരിടാൻ അദ്ദേഹം തയ്യാറായിരിക്കും എന്നാണ് തോന്നുന്നത്. ഇതൊരു രാഷ്ട്രീയ വിവാദമായി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു രാഷ്ട്രീയ നേതാവിൻ്റെ വിവാഹമോചനം സ്വാഭാവികമായും വിവാദമാകുന്നതിൽ നമുക്കൊന്നും ചെയ്യാനില്ല.
അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നു എന്നു ഞാൻ പറയുന്നില്ല. വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല അദ്ദേഹം. ദേഷ്യം വന്നാൽ സ്വയം നിയന്ത്രണം നഷ്ടമാകുമായിരുന്നു. വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരണം എന്നാണ് ആഗ്രഹം. അതെങ്കിലും സാധിക്കട്ടെ'' -മേതിൽ ദേവിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.