പെര്‍ഫ്യൂമില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍
text_fieldsതിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്.
ഇതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 'കരിഷ്മ പെര്‍ഫ്യൂം' എന്ന പേരില്‍ ഇറക്കിയ പെര്‍ഫ്യൂമിലാണ് മീഥൈല്‍ ആല്‍ക്കഹോള്‍ അമിത അളവില്‍ കണ്ടെത്തിയത്. കേരള പോയിസണ്‍ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ഒരു വിഷമാണ് മീഥൈല്‍ ആല്‍ക്കഹോള്‍.
ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാര്‍ത്ഥങ്ങളുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം മായം ചേര്‍ക്കല്‍ വിഭാഗത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. പെര്‍ഫ്യൂം ആയിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും ആഫ്റ്റര്‍ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കോസ്‌മെറ്റിക് ഉത്പന്നത്തിന്റെ ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം നടത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണ്.
എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സന്തോഷ് കെ മാത്യുവിന്റെ ഏകോപനത്തില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ നിഷിത് എം.സി, ടെസ്സി തോമസ്, നവീന്‍ കെ.ആര്‍, നിഷ വിന്‍സെന്റ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.