മെട്രോ കാക്കനാട്ടേക്ക്; പണിയിൽ കുടുങ്ങി പാലാരിവട്ടം
text_fieldsകൊച്ചി: മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്ക ജോലികൾ പുരോഗമിക്കുന്നതിനിടെ പാലാരിവട്ടം മുതൽ കാക്കനാട് വരെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.
പാലാരിവട്ടം ബൈപാസ് കഴിഞ്ഞ് കാക്കനാട് ഭാഗത്തേക്കുള്ള സിവിൽ ലൈൻ റോഡിൽ ചിറ്റേത്തുകര വരെയാണ് റോഡ് വീതികൂട്ടലും ടാറിടലും നടക്കുന്നത്. ഒരു വശത്താണ് ജോലി നടക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്വതവേ വീതി കുറഞ്ഞ റോഡിൽ കുരുക്ക് രൂക്ഷമായി. വൈകീട്ടും രാവിലെയുമുള്ള തിരക്കേറിയ നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ഈ ഭാഗത്ത് ഏറെ നേരം കുരുങ്ങിക്കിടക്കുന്നതു കാണാം.
കാക്കനാട് റൂട്ടിൽ ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ തുടങ്ങിയ ഭാഗങ്ങളിൽ റോഡിന് വീതി കുറവാണ്. എന്നാൽ, ജില്ലാ ആസ്ഥാനവും ഐ.ടി ഹബ്ബുമെല്ലാമായ കാക്കനാടേക്കും തിരിച്ച് എറണാകുളത്തേക്കുമുള്ള വാഹനങ്ങളുടെ ബാഹുല്യം ഈ റോഡിന് താങ്ങാനാവുന്നതിലും അപ്പുറമാണ്.
വൈകീട്ട് ഭാഗിക നിയന്ത്രണം
റോഡ് പ്രവൃത്തി നടക്കുന്നതിനാൽ വൈകീട്ടത്തെ തിരക്കേറിയ നേരങ്ങളിൽ എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. എറണാകുളം, വൈറ്റില ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പാലാരിവട്ടം ബൈപ്പാസിൽ പാലത്തിന്റെ കീഴിലൂടെ നേരിട്ട് കാക്കനാട് റോഡിലേക്ക് പ്രവേശിക്കാനാവില്ല. പകരം, ബൈപ്പാസിലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് അരകിലോമീറ്ററിലേറെ മുന്നോട്ടുപോയി യൂടേൺ എടുത്ത് വേണം തിരിച്ചു വരാൻ.
കാക്കനാട് റൂട്ടിലെ കുരുക്ക് നിയന്ത്രിക്കാൻ നടപ്പാക്കിയതാണെങ്കിലും ഇത് ബൈപ്പാസിലെ തിരക്ക് വർധിപ്പിക്കുകയാണെന്നും സമയനഷ്ടം ഇരട്ടിയാണെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. ബൈപ്പാസിലൂടെ മുന്നോട്ടുപോയി യൂടേൺ എടുത്തോ സർവിസ് റോഡിൽ കയറി ഇടറോഡുകളിലൂടെയോ വേണം കാക്കനാടേക്കെത്താൻ. പാലാരിവട്ടം പൊലീസിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയത്. റോഡ് വീതികൂട്ടലിന്റെ ഭാഗമായാണ് ഇതെന്ന് പൊലീസ് അറിയിച്ചു. വൈകീട്ടത്തെ തിരക്കേറിയ നേരങ്ങളിലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്.
ഇടറോഡിലും കുരുക്കേറി
കാക്കനാട്-എറണാകുളം റൂട്ടിലെ പ്രധാന റോഡായ സിവിൽ ലൈൻ റോഡ് കൂടാതെ രണ്ടു റോഡുകൾ കൂടിയുണ്ട്. പാലാരിവട്ടം ബൈപ്പാസിൽ നിന്ന് പുതിയറോഡ്-വെണ്ണല-തുതിയൂർ റോഡ്-സെസ് വഴി സീ പോർട്ട്-എയർപോർട്ട് റോഡിൽ ചിറ്റേത്തുകര ഭാഗത്തേക്കെത്താം. മറ്റൊന്ന് പൈപ് ലൈൻ റോഡാണുള്ളത്. ആലിൻചുവടിൽനിന്ന് പൈപ് ലൈൻ റോഡിലേക്ക് കയറി മേരിമാതാ റോഡ് -ദേശീയ മുക്ക് -എൻ.ജി.ഓ ക്വാർട്ടേഴ്സിലൂടെയോ പൈപ് ലൈൻ റോഡിൽനിന്ന് നേരെ തോപ്പിൽ-തൃക്കാക്കര പൈപ് ലൈൻ ജങ്ഷൻ-തൃക്കാക്കര വഴിയോ സീപോർട്ട് -എയർപോർട്ട് റോഡിലേക്കെത്താം. ഈ റോഡുകളിൽ നിന്ന് കണക്ടിങ് റോഡുകൾ വേറെയുമുണ്ട്. എന്നാൽ, ഈ റോഡുകളിലെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളിലായി തിരക്ക് വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.