എം.ജി ഓൺലൈൻ പരീക്ഷാകേന്ദ്രം; നടന്നത് മൂന്ന് പരീക്ഷ മാത്രം
text_fieldsകോട്ടയം: മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടായിട്ടും എം.ജി സർവകലാശാല ഓൺലൈൻ പരീക്ഷാകേന്ദ്രം പൂർണതോതിൽ പ്രയോജനപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് 2021-22 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. വൻതുക ചെലവഴിച്ച് 2022 മേയിൽ ആരംഭിച്ച കേന്ദ്രത്തിൽ ഇതുവരെ നടന്നത് മൂന്ന് പരീക്ഷ മാത്രം. അവസാന പരീക്ഷ നടന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ.
പാലക്കാട് ഐ.ഐ.ടിയുടെ സഹായത്തോടെ 1.1 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യമുള്ള ഓൺലൈൻ പരീക്ഷാകേന്ദ്രം സജ്ജീകരിച്ചത്. കമ്പ്യൂട്ടർ സയൻസ് അനുബന്ധ പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷ, വിവിധ എൻട്രൻസ് പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത വർക്ഷോപ്പുകൾ, ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷ, നാഷനൽ ടെസ്റ്റിങ് ഏജൻസി ഓൺലൈൻ പരീക്ഷ തുടങ്ങിയവക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
ഹ്രസ്വകാല തൊഴിൽ കോഴ്സുകൾ നടത്തുന്ന ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡി.എ.എസ്.പി) കീഴിലാണ് കേന്ദ്രം ആരംഭിച്ചത്. 3,27,99,238 അടങ്കലുള്ള പദ്ധതി രണ്ടുഘട്ടമായാണ് ഉദ്ദേശിച്ചിരുന്നത്.
ഒരേസമയം 100 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ആദ്യഘട്ടത്തിൽ സൗകര്യം ഒരുക്കി. രണ്ടാംഘട്ടത്തിൽ 200 പേർക്കുകൂടി പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, തുടർപ്രവർത്തനങ്ങൾ നടന്നില്ല. നിലവിൽ ഡി.എ.എസ്.പിയിൽ നടക്കുന്ന പ്രോഗ്രാമുകളുടെ പരീക്ഷ നടത്തിപ്പിന് മാത്രമാണ് കേന്ദ്രം ഉപയോഗിക്കുന്നത്. 77 കമ്പ്യൂട്ടറുകളിൽ മൂന്നെണ്ണം തകരാറിലായി. പരീക്ഷാകേന്ദ്രം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിലും നിർദേശിച്ചിരുന്നതാണ്. എന്നിട്ടും നടപടികളുണ്ടായില്ല.
സർവകലാശാലക്കെത്ര ഭൂമിയുണ്ട്?
കോട്ടയം: സർവകലാശാലയുടെ അധീനതയിലുള്ള വസ്തുസംബന്ധമായ വിവരങ്ങൾ ആസ്തി രജിസ്റ്ററിലില്ല. ലാൻഡ് അക്വിസിഷൻ രജിസ്റ്റർപ്രകാരം 103.28 ഏക്കർ ഭൂമിയാണ് സർവകലാശാല കാമ്പസിന് മാത്രമായി ഏറ്റെടുത്തത്. എന്നാൽ, 2015-16 വർഷത്തേക്ക് ഭൂനികുതി അടച്ചത് 93.65 ഏക്കർ ഭൂമിക്കു മാത്രം. 2022-23 ൽ 58.74 ഏക്കറിനും. കരം ഒടുക്കിൽ കുറവുവന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ സർവകലാശാല അധികൃതർക്കായിട്ടില്ല.
കാമ്പസിനുപുറത്ത് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എന്നീ സ്ഥാപനങ്ങളോടനുബന്ധിച്ച ഭൂമിയുടെ കരമടച്ചതിന്റെ വിവരങ്ങൾ ഇല്ല. സർവകലാശാലക്ക് മുട്ടം കാമ്പസിൽ 25 ഏക്കർ സ്ഥലമുണ്ട്. ഇതിൽ അഞ്ചേക്കർ സിപാസിന് പാട്ടത്തിന് കൊടുത്തിട്ടുണ്ട്. ബാക്കി 20 ഏക്കർ സ്ഥലത്തിന്റെ കരമടച്ച വിവരങ്ങളോ വിശദാംശങ്ങളോ ഇല്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.