കൈക്കൂലിക്കേസിൽ എം.ജി പരീക്ഷ ഭവനിലെ അസിസ്റ്റന്‍റിനെ പിരിച്ചുവിട്ടു
text_fieldsകോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ പരീക്ഷ ഭവനിലെ അസിസ്റ്റന്‍റ് സി.ജെ. എൽസിയെ എം.ജി സർവകലാശാല പിരിച്ചുവിട്ടു. വീഴ്ച സംഭവിച്ചതായി അന്വേഷണ കമീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കമീഷൻ റിപ്പോർട്ട് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചിരുന്നു.
എം.ബി.എ മാർക്ക് ലിസ്റ്റ് ലഭ്യമാക്കാൻ തിരുവല്ല സ്വദേശിനിയിൽനിന്ന് പലതവണയായി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 15,000 രൂപ വാങ്ങുമ്പോൾ ജനുവരി 29നാണ് വിജിലൻസ് അറസ്റ്റ്ചെയ്തത്. തുടർന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.
സമിതി നൽകിയ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു. സർവകലാശാലതലത്തിൽ തുടരന്വേഷണത്തിന് ജോയന്‍റ് രജിസ്ട്രാറെയും ചുമതലപ്പെടുത്തി. ഇവരുടെ അന്വേഷണത്തിലും ഗുരുതര കൃത്യവിലോപമാണ് കണ്ടെത്തിയത്. കൈക്കൂലി വാങ്ങിയതു കൂടാതെ കൗണ്ടർ ഫോയിലിലും മാർക്ക് തിരുത്തി. രണ്ടു വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ എം.ബി.എ മേഴ്സി ചാൻസ് പരീക്ഷയുടെ മാർക്ക് തിരുത്തിയതായും വ്യക്തമായി. കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ലെന്ന് സർവകലാശാല വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.