അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക വിദ്യാർഥിനി
text_fieldsകോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയുടെ (ഐ.ഐ.യു.സി.എൻ.എൻ) ചുമതല ഡോ. നന്ദകുമാർ കളരിക്കലിൽനിന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് ഏറ്റെടുത്തു. സർവകലാശാലക്കു മുന്നിൽ നിരാഹാരം തുടരുന്ന ഗവേഷക വിദ്യാർഥിനി ദീപ പി. മോഹെൻറ പരാതി ചർച്ച ചെയ്യാൻ ശനിയാഴ്ച ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ, പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കുറിപ്പാണ് സർവകലാശാല പുറത്തുവിട്ടിരിക്കുന്നതെന്നും നന്ദകുമാറിനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നുമാണ് ദീപയുടെ നിലപാട്.
ദീപ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച െചയ്യാൻ നാലംഗ കമ്മിറ്റി രൂപവത്കരിച്ചതായി സർവകലാശാല അറിയിച്ചു. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. എം.എച്ച്. ഇല്യാസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.എം. സുധാകരൻ, ഡോ. ഷാജില ബീവി, ഡോ. ആർ. അനിത എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. ദീപ പി. മോഹെൻറ ഗവേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും മാർഗനിർേദശങ്ങൾ നൽകുന്നതിനും അഞ്ചംഗ കമ്മിറ്റിയും രൂപവത്കരിച്ചു. വി.സി ഡോ. സാബു തോമസ്, പ്രോ-വി.സി ഡോ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കേരളവർമ, പ്രഫ. പി. ഹരികൃഷ്ണൻ, ഡോ. ഷാജില ബീവി എന്നിവരാണ് ശനിയാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
നന്ദകുമാർ കളരിക്കലിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുക, ദീപക്ക് അനുകൂലമായ കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമീഷെൻറ ഉത്തരവും നടപ്പാക്കുക, ലാബ് അനുവദിച്ചു നൽകുകയും ആവശ്യമായ മെറ്റീരിയലുകൾ ലഭ്യമാക്കുകയും ചെയ്യുക, ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുക, തടഞ്ഞുവെച്ച ഫെലോഷിപ് തുക ലഭ്യമാക്കുക, എക്സ്റ്റൻഷൻ ഫീസ് ഈടാക്കാതെ തന്നെ വർഷം നീട്ടി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 29നാണ് ദീപ നിരാഹാരം ആരംഭിച്ചത്.
തുടർന്ന് നവംബർ ഒന്നിന് വി.സി വിളിച്ച യോഗം നന്ദകുമാർ കളരിക്കലിനെതിരായ ആവശ്യം ഒഴിച്ച് ബാക്കിയെല്ലാം അംഗീകരിച്ചിരുന്നു. എന്നാൽ, നന്ദകുമാർ കളരിക്കലിനെ വകുപ്പിെൻറ ചുമതലയിൽനിന്ന് മാറ്റാത്തതിനാൽ ദീപ നിരാഹാരം തുടരുകയായിരുന്നു.ഇതിനിടെ ശനിയാഴ്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്താൻ എന്താണ് തടസ്സമെന്ന് സർവകലാശാലയോട് ആരാഞ്ഞു. തുടർന്നാണ് വിദ്യാർഥിനി ഗവേഷണം നടത്തുന്ന വകുപ്പിെൻറ ചുമതല വി.സി ഏറ്റെടുത്തത്.
നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ തീരുമാനം വൈകിയാൽ നടപടി സ്വീകരിക്കും. കാലതാമസമുണ്ടായാൽ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടും. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാറിന് ഉത്കണ്ഠയുണ്ടെന്നും സമരത്തിൽ നിന്ന് ദീപ പിന്മാറണമെന്നും മന്ത്രി ആർ. ബിന്ദു ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
എംജി സർവകലാശാലയിൽ ദളിത് വിദ്യാർഥിനിയായ ദീപ പി. മോഹനൻ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ടു കൊണ്ട്, വിദ്യാർഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങൾ കണ്ട് സർവകലാശാലാ അധികൃതർ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. ഒരുവിധ മാനസിക പ്രയാസത്തിനോ സാങ്കേതിക തടസങ്ങൾക്കോ ഇടവരുത്താതെ ദീപക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പു കൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ, ആരോപണവിധേയനായ അധ്യാപകന്‍റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടു പോയിരിക്കുന്നത്. ഹൈകോടതിയും പട്ടികവർഗ കമീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർഥിനിയുടെ പരാതി സർവകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാറിന്‍റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയിൽ നിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവകലാശാലക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാറിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവകലാശാലാ അധികൃതർക്ക് നിർദേശം നൽകും. ഇതൊരുറപ്പായെടുത്ത് സമരത്തിൽ നിന്നു പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.