എം.ജി സർവകലാശാല ഡി.എസ്.യു ചെയർമാന് കാമ്പസ് വിലക്ക്: അറിഞ്ഞില്ലെന്ന് എസ്.എഫ്.ഐ
text_fieldsകോട്ടയം: എം.ജി സർവകലാശാലയിലെ ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ (ഡി.എസ്.യു) ചെയർമാന് കാമ്പസ് വിലക്കെന്ന ആരോപണത്തിൽ പ്രതികരിക്കാതെ എസ്.എഫ്.ഐ. വിഷയം അറിഞ്ഞില്ലെന്നാണ് എസ്.എഫ്.ഐ പ്രതിനിധിയായ യൂനിവേഴ്സിറ്റി ചെയർമാൻ പറയുന്നത്.
പരാതിക്കാരിയും ആരോപണവിധേയനും എസ്.എഫ്.ഐ പ്രവർത്തകരായതിനാൽ സംഘടനതന്നെ വിധി നടപ്പാക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ഡി.എസ്.യു ചെയർമാന് കാമ്പസ് വിലക്കെന്ന സംഭവം അറിഞ്ഞില്ലെന്ന് യൂനിവേഴ്സിറ്റി ചെയർമാൻ പറയുന്നത്. മലപ്പുറം സ്വദേശിയായ ഒന്നാംവർഷ ജെൻഡർ സ്റ്റഡീസ് വിദ്യാർഥിയായ ഡി.എസ്.യു ചെയർമാനാണ് കാമ്പസ് വിലക്കെന്ന ആരോപണം ഉയരുന്നത്.
എസ്.എഫ്.ഐ പ്രവർത്തകയായ വിദ്യാർഥിനി പരാതി നൽകിയതിനു പിന്നാലെ യൂനിയൻ ചെയർമാന് മർദനമേറ്റു. മൂന്നുമാസമായി ചെയർമാൻ കാമ്പസിലും ഹോസ്റ്റലിലും എത്തുന്നില്ല. എസ്.എഫ്.ഐക്കാർക്കെതിരായ പരാതികളിൽ അവർതന്നെ പൊലീസും കോടതിയുമാവുന്നു എന്നാണ് മറ്റ് വിദ്യാർഥി സംഘടനകളുടെ ആരോപണം.
അതേസമയം കാമ്പസ് വിലക്കെന്ന ആരോപണം നിഷേധിച്ച ഡി.എസ്.യു ചെയർമാന് മർദനമേറ്റ സംഭവം സ്ഥിരീകരിച്ചു. എന്നാൽ, മർദിച്ചവരെ അറിയില്ല. താൻ സ്വയം മാറിനിൽക്കുന്നതാണെന്നും മർദിച്ച സംഭവത്തിൽ കേസുമായി മുന്നോട്ടുപോവാൻ താൽപര്യമില്ലെന്നും പഠനം തുടരുമെന്നും ഡി.എസ്.യു ചെയർമാൻ പറഞ്ഞു. വിദ്യാർഥിനിയുടെ ആരോപണം വ്യാജമാണെന്നുകാട്ടി ഡി.എസ്.യു ചെയർമാനും യൂനിവേഴ്സിറ്റി അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ് എന്നിവർ പ്രതിഷേധ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.