എം.ജി സർവകലാശാല മുൻ വി.സി ഡോ.എ. സുകുമാരൻ നായർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എം.ജി സർവകലാശാല മുൻ വൈസ്ചാൻസലറുമായ ഡോ.എ. സുകുമാരൻ നായർ (94) വഞ്ചിയൂരിലെ വസതിയിൽ അന്തരിച്ചു. കേരള സർവകലാശാല പ്രോ-വൈസ് ചാൻസലർ, കേരള, കാലിക്കറ്റ് സർവകലാശാലകളിൽ എജുക്കേഷൻ പഠന വിഭാഗത്തിൽ പ്രഫസർ, ഡീൻ സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്.
1992-96ൽ ഡോ. സുകുമാരൻ നായർ വൈസ്ചാൻസലറായിരിക്കെ നടത്തിയ ഇടപെടലിലൂടെയാണ് എം.ജി സർവകലാശാല സാമ്പത്തിക ദദ്രത നേടിയത്. സ്വാശ്രയ മേഖലയിൽ ഉൾപ്പെടെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ സർവകലാശാലക്ക് കീഴിൽ ആരംഭിച്ചു. സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് ആരംഭിക്കുന്നതും ഇദ്ദേഹം വൈസ് ചാൻസലറായിരിക്കെയാണ്. തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സ്ഥാപിക്കുന്നതിനായി രൂപം നൽകിയ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് എജുക്കേഷൻ, സയൻസ് ആൻഡ് ടെക്നോളജി എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
എജുക്കേഷനൽ സൈക്കോമെട്രി എന്ന വിഷയത്തിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന ഗവേഷകനായിരുന്നു. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: കോമളം എസ്. നായർ. മക്കൾ: ശിവശങ്കർ (റിട്ട. ഗണിത ശാസ്ത്ര അസി. പ്രഫസർ), രവിശങ്കർ (റിട്ട. ലിംഗ്വിസ്റ്റിക്സ് പ്രഫസർ, കാസർകോട് കേന്ദ്രസർവകലാശാല), ഡോ. അച്യുത് ശങ്കർ (സി-ഡിറ്റ് മുൻ ഡയറക്ടർ, കേരള സർവകലാശാല കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് പ്രഫസർ), ഉദയശങ്കർ (പ്രഫസർ, അലബാമ സർവകലാശാല).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.