എം.ജി സർവകലാശാല; സ്ഥാനക്കയറ്റം തടഞ്ഞത് മറ്റൊരു സെക്ഷനിലെ ഫാക്കൽറ്റി ഒപ്പിട്ടതിന്റെ പേരിൽ
text_fieldsകോട്ടയം: എം.ജി സർവകലാശാലയിൽ അധ്യാപകന്റെ സ്ഥാനക്കയറ്റം തടഞ്ഞുവെച്ചത് മറ്റൊരു സെക്ഷനിലെ ഫാക്കൽറ്റി ഒപ്പിട്ടതിന്റെ പേരിൽ. എന്നാൽ, സ്ഥാനക്കയറ്റം ലഭിച്ച മറ്റ് അധ്യാപകർക്കും ഒപ്പിട്ടത് പ്രിൻസിപ്പൽ നിയോഗിച്ച ഇതേ ഫാക്കൽറ്റി തന്നെ.
സ്ഥാനക്കയറ്റം അടക്കം രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് ചാൻസലറായ ഗവർണറെ സമീപിച്ച പത്തനംതിട്ട ജില്ലയിൽനിന്നുള്ള അസിസ്റ്റന്റ് പ്രഫസറാണ് പരാതിക്കാരൻ. കോൺഗ്രസ് അധ്യാപക സംഘടനയിൽ അംഗമായതിനാൽ, യോഗ്യതകളുണ്ടായിട്ടും സ്ഥാനക്കയറ്റം മനഃപൂർവം തടയുന്നു എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.
മൂന്നാംഘട്ട പ്രമോഷനായാണ് അപേക്ഷ നൽകിയത്. സ്ക്രീനിങ് കമ്മിറ്റി ഇദ്ദേഹം സ്ഥാനക്കയറ്റത്തിന് യോഗ്യനാണെന്നു കണ്ടെത്തി സർട്ടിഫിക്കറ്റുകൾ സർവകലാശാലക്ക് കൈമാറിയിരുന്നു. എന്നാൽ, സിൻഡിക്കേറ്റ് ഉപസമിതി ഇദ്ദേഹത്തിന്റെ ഫയൽ മാറ്റിവെച്ചു. കൂടെ അപേക്ഷിച്ച മറ്റ് നാലുപേർക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. തുടർന്നാണ് ഗവർണർക്ക് പരാതി നൽകിയത്. ഇതോടെ ഫയൽ വീണ്ടും സർവകലാശാലയിൽ പരിശോധനക്കെടുത്തു.
ഫിസിക്സ് വകുപ്പ് മേധാവിയായ ഇദ്ദേഹത്തിന്റെ പേപ്പറിൽ സുവോളജി ഫാക്കൽറ്റി ഒപ്പിട്ടെന്നാണ് പുതിയ കണ്ടെത്തൽ. കോളജിൽനിന്ന് അഞ്ചുപേരുടെ അപേക്ഷകളാണ് സ്ഥാനക്കയറ്റത്തിന് വിട്ടത്. ഒരു വകുപ്പിൽനിന്ന് പ്രമോഷൻ തേടുന്ന അധ്യാപകർ അതേ വകുപ്പിൽ മതിയായ സീനിയർ അധ്യാപകർ ഇല്ലാതെ വരുമ്പോൾ മറ്റ് വകുപ്പുകളിൽനിന്നുള്ള ഏറ്റവും മുതിർന്ന ഫാക്കൽറ്റിയെ പ്രിൻസിപ്പൽ ചുമതലപ്പെടുത്താറുണ്ട്. അങ്ങനെയാണ് ശാസ്ത്രവിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും അതത് വിഷയങ്ങളിൽനിന്നുള്ള ഫാക്കൽറ്റിയെ ചുമതലപ്പെടുത്തി കമ്മിറ്റിക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
അസി. പ്രഫസർ ഗ്രേഡ്-മൂന്നിലേക്ക് അപേക്ഷിക്കുമ്പോൾ നിലവിൽ ആ തസ്തികയിലെത്തിയ മുതിർന്ന ഫാക്കൽറ്റി വേണം വരാൻ. അതാണ് ഫിസിക്സിലെ അധ്യാപകനുവേണ്ടി സുവോളജിയിലെ ഗ്രേഡ്-മൂന്നിലെത്തിയ അധ്യാപിക ഒപ്പിട്ടത്.
ഈ അധ്യാപിക ഒപ്പിട്ടതിന്റെ പേരിലാണ് ഫയലിൽ കുറിപ്പെഴുതി സിൻഡിക്കേറ്റ് താമസിപ്പിക്കുന്നത്.
എന്നാൽ, ബോട്ടണി വിഭാഗത്തിൽ ഇതേ അധ്യാപിക ഒപ്പുവെച്ച ഫയൽ അംഗീകരിക്കുകയും ചെയ്തു. സുവോളജി വിഭാഗത്തിൽ ബോട്ടണി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകർ ഒപ്പിട്ട ഫയൽ അംഗീകരിച്ചിട്ടുണ്ടെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.