എം.ജി സർവകലാശാല പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കൽ; കോടതി വിധി 300 പേർക്ക് ബാധകമാകും
text_fieldsകോട്ടയത്തെ എം.ജി സർവകലാശാലാ ആസ്ഥാനം
കോട്ടയം: എം.ജി സർവകലാശാലക്കു കീഴിലുള്ള സ്വാശ്രയസ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധി 300 അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ബാധകമാകും. പിരിച്ചുവിട്ട തീയതി മുതൽ മുഴുവൻ വേതനവും നൽകി തിരിച്ചെടുക്കണമെന്നും നാലു മാസത്തിനകം പുനർനിയമനം നടത്തി വിവരം അറിയിക്കണമെന്നുമാണ് കോടതി ഉത്തരവ്.
പിരിച്ചുവിട്ടശേഷം വിരമിച്ചവർക്ക് മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്നും ഉത്തരവിലുണ്ട്. സർവകലാശാലയുടെ സ്വാശ്രയസ്ഥാപനങ്ങളിൽ നിയമനം ലഭിച്ച അധ്യാപകരെ 2017ലാണ് സെന്റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്) സൊസൈറ്റിക്ക് കീഴിലേക്ക് മാറ്റിയത്. സ്ഥിരം, കരാർ, ഗെസ്റ്റ് എന്നിങ്ങനെ മൂന്നുതരം ജീവനക്കാരാണ് അന്നുണ്ടായിരുന്നത്. 2009ൽ കരാർ ജീവനക്കാരിലൊരാൾ കോടതിയിൽ പോയി സ്ഥിര നിയമനം നേടിയതിനെ തുടർന്ന് മറ്റ് 95 കരാർ ജീവനക്കാരും കോടതിയെ സമീപിച്ച് 2017ൽ അനുകൂല വിധി നേടി.
ഈ വിധി വന്ന സമയത്താണ് ആരോഗ്യസർവകലാശാലക്ക് മാത്രമേ മെഡിക്കൽ അനുബന്ധകോഴ്സുകൾ നടത്താവൂ എന്ന വ്യവസ്ഥ വന്നത്. ഇതോടെ എം.ജി സർവകലാശാല സ്വാശ്രയകോഴ്സുകൾ നിർത്താൻ തീരുമാനിച്ചു. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധം നടത്തി. വിഷയത്തിലിടപെട്ട സർക്കാർ സൊസൈറ്റി രൂപവത്കരിച്ച് സ്ഥാപനങ്ങളെ അതിനുകീഴിലേക്ക് മാറ്റാൻ നിർദേശിച്ചു. അതുപ്രകാരം സീപാസ് രൂപവത്കരിച്ച് സ്ഥാപനങ്ങളെയും അധ്യാപകരെയും ആസ്തിയടക്കം മാറ്റി. കേരളത്തിൽ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ സ്വാശ്രയ സ്ഥപനങ്ങളടക്കമാണ് ഇത്തരത്തിൽ കൈവിട്ടത്.
ഇതോടെ സർവകലാശാല ജീവനക്കാരായിരുന്നവർ സൊസെറ്റിക്ക് കീഴിലായി. വേതനത്തിലും ഇടിവുവന്നു. സർവകലാശാല ജീവനക്കാരായാണ് തങ്ങൾക്ക് നിയമനം നൽകിയതെന്ന കാര്യം ചൂണ്ടിക്കാട്ടി ചില അധ്യാപകർ സീപാസിൽ ചുമതലയേൽക്കാൻ തയാറായില്ല. ഇതോടെ സർവകലാശാല നടപടിക്കെതിരെ അധ്യാപകർ കോടതിയെ സമീപിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.