ഗവർണർക്ക് പലതവണ പരാതി അയച്ചു, കാണാൻ അനുമതി ലഭിച്ചില്ലെന്ന് ഗവേഷക
text_fieldsകോട്ടയം: എം.ജി സർവകലാശാലയിലെ ജാതി വിവേചന പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ഗവർണറുടെ ശ്രമം ശരിയല്ലെന്ന് നിരാഹാര സമരം നടത്തുന്ന ഗവേഷക ദീപ പി. മോഹൻ. മുൻ മന്ത്രി കെ.കെ. ശൈലജ പരാതിയിൽ നിന്ന് പിന്മാറാൻ തന്നോട് നേരിട്ട് ആവശ്യപ്പെട്ടു. മന്ത്രി വി.എൻ. വാസവൻ വി.സിയെ സമ്മർദ്ദം ചെലുത്തി. ഡോ. നന്ദകുമാറിനെതിരെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന കേസ് അട്ടിമറിക്കുന്നതിന് പിന്നിലും സി.പി.എം ഉണ്ടായിരുന്നു. നന്ദകുമാറിനെ സി.പി.എം സംരക്ഷിക്കുകയാണെന്നും ദീപ പി. മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി തവണ ഗവർണറെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നൽകിയില്ല. ഗവർണർക്ക് പലതവണ പരാതി അയച്ചിരുന്നു. എന്നാൽ, ഈ പരാതികൾ അന്വേഷണത്തിനായി സർവകലാശാലയിലേക്ക് കൈമാറുക മാത്രമാണ് ചെയ്തത്. പരാതിയിൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ലെന്നും ദീപ കുറ്റപ്പെടുത്തി.
താൻ ഉന്നയിച്ച വിഷയത്തെ കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് ഗവർണർ പറഞ്ഞത്. വിഷയം പഠിക്കാത്തത് ഗവർണറുടെ ഭാഗത്തെ വീഴ്ചയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അനുരഞ്ജനത്തെ കുറിച്ച് ഗവർണർക്ക് സംസാരിക്കാൻ സാധിക്കുക. താൻ ഉന്നയിച്ച വിഷയങ്ങൾ ഗവർണർ മനസിലാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദീപ ആവശ്യപ്പെട്ടു.
നന്ദകുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റിന് മുമ്പിലുള്ളപ്പോൾ തന്നെയാണ് അദ്ദേഹം മെമ്പറാകുന്നത്. ഇല്ലാത്ത ഒാർഡറിന്‍റെ അടിസ്ഥാനത്തിലാണ് നന്ദകുമാർ ഡയറക്ടറായത്. ഈ കാര്യങ്ങൾ ഗവർണറെ നേരിട്ട് അറിയിക്കേണ്ടതുണ്ടെന്നും ദീപ പറഞ്ഞു.
'എനിക്ക് എന്‍റെ പാർട്ടിയുണ്ടെന്നും അവൾ എവിടെ വരെയും പോകട്ടെ' എന്നുമാണ് നന്ദകുമാർ പരസ്യമായി പറഞ്ഞിട്ടുള്ളത്. തന്‍റെ വിഷയത്തിൽ സി.പി.എമ്മോ പോഷക സംഘടനകളോ പ്രതികരിച്ചതായി ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും ദീപ ചോദിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ഈ വിഷയം പഠിച്ചിട്ടില്ല. മന്ത്രിയെ കാണാൻ അനുമതി വേണം. സർവകലാശാല ചട്ടത്തിന് വിരുദ്ധമായി നന്ദകുമാറും സാബു തോമസും പ്രവർത്തിക്കുന്ന കാര്യങ്ങൾ മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. വെറുതേ പിന്തുണ പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും അധികാരികൾ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും ദീപ വ്യക്തമാക്കി.
ഗവേഷക ദീപ പി. മോഹൻ നിർബന്ധബുദ്ധി കാണിക്കരുതെന്നാണ് രാവിലെ മാധ്യമങ്ങളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കാം. സർവകലാശാലകൾ കുടുംബാന്തരീക്ഷത്തിൽ പ്രവർത്തിക്കേണ്ടതാണെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.