സർക്കാർ നിർദേശത്തിന് പുല്ലുവില; സിലബസ് അംഗീകാരത്തിന് കോളജുകളെ പിഴിഞ്ഞ് എം.ജി സർവകലാശാല
text_fieldsതിരുവനന്തപുരം: സർക്കാർ വിലക്കിയിട്ടും സിലബസ് അംഗീകാരത്തിന്‍റെ പേരിൽ സർവകലാശാലകൾ സ്വയംഭരണ കോളജുകളെ പിഴിയുന്നു. എം.ജി സർവകലാശാലക്കെതിരെയാണ് സ്വയംഭരണ കോളജ് മാനേജ്മെന്‍റുകൾ സർക്കാറിനെയും യു.ജി.സിയെയും സമീപിച്ചത്.
മേയ് രണ്ടിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വിളിച്ച സർവകലാശാല പ്രതിനിധികളുടെ യോഗത്തിൽ സിലബസ് അംഗീകാരത്തിന് പ്രത്യേക ഫീസ് ഈടാക്കരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ മേയ് ഒമ്പതിന് എം.ജി സർവകലാശാല പുറപ്പെടുവിച്ച ഉത്തരവിൽ സിലബസ് അംഗീകാരത്തിന് കോഴ്സ് അടിസ്ഥാനത്തിൽ 60,780 രൂപ തുടരാൻ തീരുമാനിക്കുകയായിരുന്നു. പത്ത് കോഴ്സുകളുടെ സിലബസ് അംഗീകാരത്തിനായി അപേക്ഷിക്കുന്ന കോളജുകൾക്ക് ഓരോ കോഴ്സിനും ഇത്രയുംതുക നൽകേണ്ട സാഹചര്യമാണ്. മിക്ക കോളജുകളിലും 20 വരെ കോഴ്സുകളുണ്ട്. പുതുതായി സ്വയംഭരണ പദവി ലഭിക്കുന്ന കോളജുകളെല്ലാം സിലബസ് അംഗീകാരത്തിനായി സർവകലാശാലക്ക് അപേക്ഷിക്കുമ്പോൾ ഈ തുക നൽകണം. പിന്നീട് സിലബസ് പുതുക്കാൻ ഓരോ കോഴ്സിനും എം.ജി സർവകലാശാലയിൽ 12,160 രൂപ നൽകണം. ഭീമമായ തുക വിവിധ ഇനത്തിൽ ഫീസായി ഈടാക്കുന്നതിനെതിരെ കോളജുകൾ യു.ജി.സി ചെയർമാനെ കണ്ട് പരാതിപ്പെട്ടിരുന്നു. യു.ജി.സി റെഗുലേഷന് വിരുദ്ധമായ നടപടികൾ പാടില്ലെന്ന് യു.ജി.സി സെക്രട്ടറി നിർദേശം നൽകുകയും ചെയ്തിരുന്നു.
സർക്കാറിന് നൽകിയ പരാതിയാണ് മേയ് രണ്ടിലെ യോഗത്തിൽ പരിഗണിച്ചത്. യോഗത്തിന്‍റെ പത്താമത്തെ തീരുമാനമായി സ്വയംഭരണ കോളജുകൾ യു.ജി.സി മാർഗരേഖക്കകത്തുനിന്ന് തയാറാക്കുന്ന സിലബസുകളുടെ അംഗീകാരത്തിന് പ്രത്യേക ഫീസ് ഈടാക്കാൻ പാടില്ലെന്ന് മിനുട്സിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് തുക പുതുക്കിയുള്ള ഉത്തരവിൽ സിലബസ് അംഗീകാരത്തിന് ഫീസ് നിലനിർത്തിയത്. ഇതിനെതിരെ കോളജുകൾ യു.ജി.സിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
യു.ജി.സി മാർഗരേഖ പ്രകാരം സ്വയംഭരണ കോളജുകൾ തയാറാക്കുന്ന സിലബസിന് സർവകലാശാലയുടെ പ്രത്യേക അംഗീകാരം വേണ്ടന്നും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. സ്വയംഭരണ കോളജുകൾ സിലബസ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ തയാറാക്കാൻ നേരത്തെ മന്ത്രിതല യോഗത്തിലെടുത്ത തീരുമാനത്തിൽ സർവകലാശാലകൾ സ്വീകരിച്ച നടപടി അറിയിക്കാനും യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. എം.ജി സർവകലാശാലയുടേതുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.