എം.ജി സർവകലാശാല വി.സിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് നിവേദനം നൽകി
text_fieldsതിരുവനന്തപുരം: കോളജിൽ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ നേതാവിനെ പരീക്ഷയെഴുതാൻ അനുമതി നൽകിയ എം.ജി. സർവകലാശാല വി.സിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി. സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകിയത്.
ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്നാണ് എടത്വാ സെൻറ് അലോഷ്യസ് കോളജിലെ വിദ്യാർഥിയായ എസ്.എഫ്.ഐ നേതാവ് ശ്രീജിത്ത് സുഭാഷിനെ 2023 ഒക്ടോബറിൽ നിർബന്ധിത ടി.സി നൽകി കോളജിൽ നിന്ന് പുറത്താക്കിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ശ്രീജിത്ത് സുഭാഷിന് ബി.എസ്.സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റേണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാൻ അനുവദിക്കാനുമാണ് എം.ജി വൈസ് ചാൻസലറുടെ ഉത്തരവിട്ടത്.
അഞ്ചാം സെമസ്റ്ററിൽ ആറു ദിവസം മാത്രം കോളജിൽ ഹാജരാവുകയും ആറാം സെമസ്റ്റർ പൂർണമായും ഹാജരാതിരിക്കുകയും കോളജിൽ നിന്നും നിർബന്ധ വിടുതൽ സർട്ടിഫിക്കേറ്റ് നൽകി പുറത്താക്കുകയും ചെയ്ത വിദ്യാർഥിയാണ്. സർവകലാശാല റെഗുലേഷൻ പ്രകാരം ഈ വിദ്യാർഥിയെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കാനാവില്ലെന്ന് പ്രിൻസിപ്പൽ സർവകലാശാലയെ അറിയിച്ചിരുന്നു.
എന്നാൽ, പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം പിൻവലിക്കുമെന്നാണ് രജിസ്ട്രാർ കത്ത് നൽകിയത്. പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം പിൻവലിക്കുമെന്ന് കാണിച്ചുള്ള കത്ത് കോളജ് മാനേജർക്കും യൂനിവേഴ്സിറ്റി കൈമാറിയെന്നും പരാതിയിൽ പറയുന്നു.
കോളജിൽ ഹാജരാകാത്ത എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോക്ക് ഹാജർ നൽകി പി.ജിക്ക് ക്ലാസ് കയറ്റം നൽകിയ മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ച എം.ജി സർവകലാശാല വി.സി തന്നെയാണ് ഇപ്പോൾ എടത്വാ സെന്റ് അലോഷ്യസ് കോളജിൽ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ നേതാവിന് പരീക്ഷ എഴുതാൻ അനുവാദം നൽകിയത്.
എന്നാൽ സി.ബി.എസ്.ഇ പരീക്ഷയുടെ വെരിഫിക്കേഷൻ പോർട്ടലിൽ എം.ജി സർവകലാശാല പരീക്ഷ കൺട്രോളർ പുറത്താക്കിയ എസ്.എഫ്.ഐ നേതാവിന്റെ പേരുകൂടി ഉൾപ്പെടുത്തിയതിനാൽ കോളജിലെ റെഗുലർ വിദ്യാർഥികളുടെ മാർക്കുകൾ അപ്‌ലോഡ്ചെയ്യാൻ കഴിയുന്നില്ല. യൂനിവേഴ്സിറ്റി തയാറാക്കുന്ന പോർട്ടലിൽ പേര് ഉൾപ്പെടുത്തുന്നതോടെ നേതാവിന് പരീക്ഷ എഴുതാനാവും.
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി കോളജിൽ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ നേതാവിനെ പരീക്ഷ എഴുതിക്കാനുള്ള എം.ജി സർവകലാശാലയുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ വി.സി ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.